ഫെർഗുസൺ (മിസ്സൗറി ):- ഫെർഗൂസൺ സിറ്റി മേയർ തിരഞ്ഞെടുപ്പിൽ ചരിത്രത്തിലാദ്യമായി വനിതാ ബ്ളാക്ക് മേയർ എല്ല ജോൺസ് തിരഞ്ഞെടുക്കപ്പെട്ടു.ജൂൺ 2 ചെവ്വാഴ്ച നടന്ന തിരഞ്ഞെടുപ്പിൽ എതിർ സ്ഥാനാർത്ഥി ഹെതർ റോബിനെറ്റിനെയാണ് എല്ല ജോൺസ് പരാജയപ്പെടുത്തിയത്.പോൾ ചെയ്ത വോട്ടുകൾ 54 ശതമാനം ജോൺസ് നേടിയപ്പോൾ എതിർ സ്ഥാനാർത്ഥിക്ക് 46 ശതമാനം വോട്ടുകളാണ് ലഭിച്ചത്.

2014-ൽ നിരായുധനായ ടീനേജർ മൈക്കിൾ ബ്രൗണിനെ വൈറ്റ് പൊലീസ് ഓഫീസറായ ഡേരൺ വിൻസൺ വെടിവച്ചു കൊന്നതിന്റെ പ്രതിഷേധം അലയടിച്ചുയരുന്നതിനിടയിലാണ് ഫെർഗൂസൺ കൗൺസിലിലേക്കു നടന്ന തിരഞ്ഞെടുപ്പിൽ എല്ല ജോൺസ് ആദ്യമായി വിജയിച്ചതെങ്കിൽ ‘ 2020 മെയ് മാസം ജോർജ്ജ് ഫ്ളോയിഡിന്റെ മരണത്തിൽ രാജ്യത്ത് പ്രതിഷേധങ്ങൾ ഉയരുന്നതിനിടയിൽ നടന്ന തിരഞ്ഞെടുപ്പിലാണ് എല്ല ജോൺസ് മേയറായി തിരഞ്ഞെടുക്കപ്പെട്ടത്.
ഒമ്പത് വർഷം തുടർച്ചയായി മേയറായിരുന്ന ജെയിംസ് നോലസ്സ് മൽസര രംഗത്തു നിന്നും പിന്മാറിയതിനെ തുടർന്നാണ് ജോൺസ് തിരഞ്ഞെടുക്കപ്പെട്ടത്. ആഫ്രിക്കൻ മെതഡിസ്റ്റ് ചർച്ച് പാസ്റ്ററായ എല ജോൺസ് കെമിസ്ററായിട്ടാണ് പ്രവർത്തിക്കുന്നത്.