തിരുവനന്തപുരം : എസ്‌എസ്‌എല്‍സി, പ്ലസ് ടു പരീക്ഷകള്ക്ക് കുട്ടികളെ എത്തിക്കുന്ന വാഹനങ്ങളുടെ സഞ്ചാരം തടസപ്പെടാതിരിക്കാന് നടപടി സ്വീകരിക്കണമെന്ന് ജില്ലാ പൊലീസ് മേധാവിമാര്ക്ക് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ നിര്ദ്ദേശം നല്കി. ഇത്തരം വാഹനങ്ങള് ഒരിടത്തും തടയാന് പാടില്ലെന്നും നിര്ദ്ദേശിച്ചിട്ടുണ്ട്.

പെണ്കുട്ടികളുടെ സൗകര്യാര്ത്ഥം പരമാവധി വനിതാ പോലീസ് ഉദ്യോഗസ്ഥരെ ഡ്യൂട്ടിക്ക് നിയോഗിച്ചു. പട്ടികവര്ഗ്ഗ മേഖലകളില് പരീക്ഷയ്ക്ക് കുട്ടികളെ കൊണ്ടുപോകുന്ന വാഹനങ്ങളില് ജനമൈത്രി പോലീസിന്റെ സാന്നിധ്യം ഉറപ്പാക്കും. കുട്ടികള് ധാരാളമുളള പരീക്ഷാകേന്ദ്രങ്ങളിലും മറ്റ് പ്രധാന കേന്ദ്രങ്ങളിലും പോലീസിനെ നിയോഗിക്കും. ഏതെങ്കിലും കാരണത്താല് എത്താന് കഴിയാത്ത കുട്ടികളെ പോലീസ് വാഹനത്തില് തന്നെ പരീക്ഷയ്ക്ക് എത്തിക്കും. പരീക്ഷയ്ക്ക് മുമ്ബും ശേഷവും വിദ്യാലയങ്ങളുടെ മുന്നില് തിരക്കൊഴിവാക്കുന്നതിന് നടപടി സ്വീകരിക്കും.

പരീക്ഷയുമായി ബന്ധപ്പെട്ട് ജില്ലകളിലെ പോലീസ് സംവിധാനത്തിന്റെ ഉത്തരവാദിത്തം അഡീഷണല് എസ്.പിമാര്ക്കും അഡീഷണല് ഡെപ്യൂട്ടി കമ്മീഷണര്മാര്ക്കുമാണ്. പരീക്ഷാകേന്ദ്രങ്ങളുടെ കൃത്യമായ വിവരം ജില്ലാ പോലീസ് മേധാവിമാരും കണ്ട്രോള് റൂമും സൂക്ഷിക്കും. സാമൂഹിക അകലം ഉള്പ്പെടെയുളള മാര്ഗ്ഗനിര്ദ്ദേശങ്ങള് പാലിച്ച്‌ പരീക്ഷ നടത്തുന്നതിന് ബന്ധപ്പെട്ട വകുപ്പുകളെ സഹായിക്കാന് ജനമൈത്രി പോലീസിന് നിര്ദ്ദേശം നല്കിയിട്ടുണ്ട്. പരീക്ഷ കഴിഞ്ഞശേഷവും പോലീസിന്റെ ജാഗ്രത തുടരും. ഇത് സംബന്ധിച്ച്‌ ദിവസവും വൈകുന്നേരം പോലീസ് ആസ്ഥാനത്തെ എ.ഡി.ജി.പിക്ക് റിപ്പോര്ട്ട് നല്കാനും നിര്ദ്ദേശിച്ചിട്ടുണ്ട്.

പരീക്ഷയുമായി ബന്ധപ്പെട്ട് പ്രിന്സിപ്പല്മാര്, പ്രഥമ അധ്യാപകര്, അധ്യാപകര്, മറ്റ് ജീവനക്കാര് എന്നിവരുടെ യാത്ര തടസപ്പെടാതിരിക്കാന് നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന പോലീസ് മേധാവി നേരത്തെ നിര്ദ്ദേശിച്ചിരുന്നു.