തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ എസ്.എസ്.എല്‍.സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ 26ന് തുടങ്ങുന്നതില്‍ സര്‍ക്കാര്‍ പുനരാലോചന നടത്തുന്നു. തിങ്കളാഴ്ച വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ്, പൊതുവിദ്യാഭ്യാസ സെക്രട്ടറി എ. ഷാജഹാന്, ഡയറക്ടര്‍ കെ. ജീവന്‍ബാബു തുടങ്ങിയവര്‍ ഇതുസംബന്ധിച്ച് കൂടിയാലോചന നടത്തും. മുഖ്യമന്ത്രിയുമായി കൂടിയാലോചിച്ച് തീരുമാനം പ്രഖ്യാപിക്കും.
ലോക്ഡൗണ്‍ നാലാംഘട്ടത്തിലേക്ക് നീട്ടുകയും, പരീക്ഷ വിജ്ഞാപനം പുറത്തിറങ്ങിയ സാഹചര്യത്തില്‍നിന്ന് സ്ഥിതിഗതികള്‍ മാറുകയും ചെയ്തതിനെതുടര്‍ന്നാണ് സര്‍ക്കാര്‍ പുനരാലോചനക്ക് ഒരുങ്ങുന്നത്. രാജ്യവ്യാപകമായി ലോക്ഡൗണ്‍ നാലാംഘട്ടത്തിലേക്ക് നീട്ടിയ സാഹചര്യത്തില്‍ ധൃതിപിടിച്ച് പരീക്ഷ നടത്തുന്നത് അപകടം വിളിച്ചുവരുത്തുമെന്ന ആശങ്ക പങ്കുവെക്കുന്നവര്‍ ഏറെയാണ്.
നാലാംഘട്ടത്തിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കാന്‍ അനുമതിയില്ല. എസ്.എസ്.എല്‍.സി, ഹയര്‍ സെക്കന്‍ഡറി, വി.എച്ച്.എസ്.ഇ പരീക്ഷകള്‍ക്കായി രാവിലെയും ഉച്ചക്കുമായി 13.5 ലക്ഷം വിദ്യാര്‍ഥികള്‍ വീട്ടില്‍നിന്ന് പുറത്തിറങ്ങേണ്ടിവരും. പൊതുഗതാഗതം ആരംഭിക്കാത്ത സാഹചര്യത്തില്‍ മാനദണ്ഡങ്ങള്‍ പാലിച്ച് ഇവരെ പരീക്ഷ കേന്ദ്രത്തില്‍ എത്തിക്കുന്നതും വെല്ലുവിളിയാണ്.
എന്നാല്‍, സാഹചര്യം കൂടുതല്‍ മോശമാകുന്നതിന് മുമ്ബുതന്നെ പരീക്ഷ നടത്തിയെടുക്കുന്നതാണ് നല്ലതെന്ന് ചൂണ്ടിക്കാട്ടുന്ന രക്ഷിതാക്കളും അധ്യാപകരുമുണ്ട്. വിദേശത്തുനിന്നും മറ്റ് സംസ്ഥാനങ്ങളില്‍നിന്നും പ്രവാസികള്‍ മടങ്ങിവരികയും രോഗബാധിതരുടെ എണ്ണം വര്‍ധിക്കുന്നതും പരീക്ഷ നടത്തിപ്പിന് പ്രധാന വെല്ലുവിളിയാണ്. ഗള്‍ഫിലും ലക്ഷദ്വീപിലും ഒമ്ബത് വീതം കേന്ദ്രങ്ങളില്‍ 597ഉം 592ഉം വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതാനുണ്ട്. രോഗഭീതിയില്‍ പരീക്ഷ എഴുതേണ്ടിവരുന്നത് വിദ്യാര്‍ഥികളിലും ആശങ്ക പരത്തുന്നുണ്ട്. ഇതെല്ലാം വിദ്യാഭ്യാസ വകുപ്പ് പരിഗണിക്കുമെന്നാണ് സൂചന.