തിരുവനന്തപുരം: അന്ത്യോദയ-അന്നയോജന കാര്‍ഡുടമകള്‍ക്കും മുന്‍ഗണാ കാര്‍ഡുടമകള്‍ക്കും ഈ മാസവും തുടര്‍ന്നുള്ള രണ്ട് മാസങ്ങളിലും സാധാരണ ലഭിക്കുന്നതിന്റെ ഇരട്ടിയോളം ധാന്യം ലഭിക്കുമെന്ന് ഭക്ഷ്യമന്ത്രി പി. തിലോത്തമന്‍ അറിയിച്ചു. അതിലെ ആദ്യഘട്ടം മാത്രമാണ് ഇപ്പോള്‍ വിതരണം ചെയ്തത്. ഏപ്രില്‍ 20 മുതല്‍ കേന്ദ്രത്തില്‍ നിന്ന് അധികമായി ലഭിക്കുന്ന അഞ്ച് കിലോ അരിയുടെ വിതരണം ആരംഭിക്കും. സൗജന്യ റേഷന്‍ കടകളില്‍ എത്തിച്ച്‌ വിതരണം ചെയ്യുന്നതിന് 97.1 കോടി രൂപ ചെലവാകും.

ലോക് ഡൗണ്‍ പശ്ചാത്തലത്തില്‍ അരിയുടെ ലഭ്യത കുറഞ്ഞതിനാലാണ് വെള്ള, നീല കാര്‍ഡുകള്‍ക്ക് 15 കിലോ ധാന്യം നല്‍കാന്‍ തീരുമാനിച്ചത്. എഫ്.സി.ഐയില്‍ നിന്ന് 22.50 രൂപ നിരക്കില്‍ 50,000 മെട്രിക് ടണ്‍ അരിയാണ് വാങ്ങുക. സംസ്ഥാനത്തെ അനാഥാലയങ്ങള്‍, കോണ്‍വെന്റുകള്‍, സന്യാസ ആശ്രമങ്ങള്‍ തുടങ്ങിയവയ്ക്ക് ഈ മാസം സൗജന്യ അരി വിതരണം നടത്തും. മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ടവരുടെ റേഷന്‍ സൗജന്യമാക്കിയതു വഴി 1.31 കോടി രൂപയും മറ്റുള്ളവരുടെ റേഷന്‍ സൗജന്യത്തിന് 5.55 കോടി രൂപയുമാണ് സര്‍ക്കാര്‍ ബാധ്യത. മുന്‍ഗണനേതര വിഭാഗങ്ങള്‍ക്ക് അധിക ധാന്യം വാങ്ങി വിതരണം ചെയ്യുന്നതിന് 132.50 കോടി രൂപ ചെലവാകുമെന്ന് പ്രതീക്ഷിക്കുന്നത്.

17 ഇനങ്ങളടങ്ങിയ സൗജന്യ പലവ്യഞ്ജന കിറ്റ് അന്ത്യോദയ വിഭാഗത്തില്‍പ്പെട്ട കുടുംബങ്ങള്‍ക്ക് ആദ്യ ഘട്ടത്തില്‍ വിതരണം ചെയ്യും. ഇതിനായി 350 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് അനുവദിച്ചു. കിറ്റ് വിതരണം പൂര്‍ത്തിയായ ശേഷം മാത്രമേ ഇതിനായി വരുന്ന അധിക ബാധ്യത എത്രയെന്ന് കണക്കാക്കാനാവൂ എന്നും ഭക്ഷ്യമന്ത്രി അറിയിച്ചു.