അമൃത്‌സര്‍: ലോക്ക്ഡൗണ്‍ ഡ്യൂട്ടിക്കിടെ അക്രമിസംഘം കൈവെട്ടി മാറ്റിയ പൊലീസുകാരന്റെ കൈ തുന്നിച്ചേര്‍ത്തു. ഏഴരമണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെയാണ് കൈ പൂര്‍വസ്ഥിതിയിലാക്കിയത്. ഇതിന് പിന്നാലെ മുഖ്യമന്ത്രി അമരീന്ദര്‍ സിങ് ഡോക്ടര്‍മാര്‍ക്ക് നന്ദി അറിയിച്ചു.പഞ്ചാബിലെ പട്യാലയില്‍ പച്ചക്കറി മാര്‍ക്കറ്റില്‍ രാവിലെയാണ് അക്രമിസംഘം പൊലിസുകാരന്റെ കൈവെട്ടിയത്. ലോക്ക്ഡൗണ്‍ നിലനില്‍ക്കുന്ന പട്യാലയില്‍ അവ ഭേദിച്ച് ഒരു സംഘം വാഹനവുമായി പച്ചക്കറി മാര്‍ക്കറ്റിലേക്ക് ഇടിച്ചു കയറുകയായിരുന്നു.
തടഞ്ഞ പൊലീസുകാര്‍ക്കു നേരെ അക്രമം അഴിച്ചുവിട്ടു. പഞ്ചാബിലെ മതവിഭാഗമായ നിഹാംഗയാണ് പിന്നിലെന്നാണ് പൊലീസ് പറയുന്നത്. തുടര്‍ന്ന് അക്രമികള്‍ നിഹാംഗ ഗുരുദ്വാരയിലേക്ക് ഓടിക്കയറി. കൂടുതല്‍സേനയെത്തി ഇവരോട് കീഴടങ്ങാന്‍ ആവശ്യപ്പെട്ടു. ഇവരെ അനുനയിപ്പിക്കാനായി ലോക്കല്‍ സര്‍പാഞ്ച് ഉള്‍പ്പെടെയുള്ളവര്‍ ഗുരുദ്വാരയില്‍ കയറി. അക്രമികള്‍ കത്തിയും മറ്റ് ആയുധങ്ങളുമായി കീഴടങ്ങുകയായിരുന്നെന്ന് പൊലീസ് അറിയിച്ചു.സംഭവത്തില്‍ മൂന്നു പൊലീസുകാര്‍ക്ക് പരുക്കേറ്റിരുന്നു.
അസി. സബ് ഇന്‍സ്‌പെക്ടര്‍ ഹര്‍ജീത് സിങ്ങിനാണ് ആക്രമണത്തില്‍ കൈ നഷ്ടപ്പെട്ടത്.സംഭവവുമായി ബന്ധപ്പെട്ട് മൂന്നു പേരെ അറസ്റ്റു ചെയ്തു. സംഭവം കൃത്യമായി കൈകാര്യം ചെയ്ത പഞ്ചാബ് പൊലീസിനെ ഓര്‍ത്ത് അഭിമാനിക്കുന്നുവെന്ന് അമരീന്ദര്‍ പറഞ്ഞു.സ്ഥിതി ഗുരുതരമായതിനെ തുടര്‍ന്ന് പഞ്ചാബില്‍ ലോക്ക് ഡൗണ്‍ മെയ് 1 വരെ നീട്ടിയിരിക്കുകയാണ്.