വാഷിങ്ടൻ ∙ 7,00,000 മുതിർന്നവർക്ക് ഫുഡ് സ്റ്റാമ്പ് നിർത്തലാക്കുന്നതിനുള്ള ട്രംപ് അഡ്മിനിസ്ട്രേഷന്റെ നടപടി ചീഫ് യുഎസ് ഡിസ്ട്രിക്റ്റ് ജഡ്ജ് ബെറിൽ എ ഹവൽ തടഞ്ഞു. 67 പേജുള്ള വിധിന്യായത്തിൽ, അമേരിക്കയിൽ മഹാമാരി പടർന്നു പിടിക്കുമ്പോൾ എങ്ങനെയാണ് ആയിരക്കണക്കിനു പൗരന്മാർക്ക് ഭക്ഷണം നിഷേധിക്കാൻ കഴിയുകയെന്നു ജഡ്ജി ചോദിച്ചു. മാത്രമല്ല അഡ്മിനിസ്ട്രേഷന്റെ ഈ നടപടി തികച്ചും നിരുത്തരവാദപരമാണെന്നും കോടതി അഭിപ്രായപ്പെട്ടു.
2020 മേയിൽ, ഒരു വർഷത്തെ കാത്തിരിപ്പിനും പഠനങ്ങൾക്കും ശേഷമാണ് ട്രംപ് ഫുഡ് സ്റ്റാമ്പ് ലഭിക്കുന്നവരുടെ സംഖ്യ വെട്ടിക്കുറക്കുന്നതിന് തീരുമാനിച്ചത്. അമേരിക്കയിൽ തൊഴിലില്ലായ്മ നിരക്ക് ഗണ്യമായി കുറഞ്ഞതും. സാമ്പത്തിക സ്ഥിരത കൈവരിക്കുവാൻ കഴിഞ്ഞതുമാണ് ഇങ്ങനെയൊരു നടപടിക്ക് ട്രംപ് ഭരണ കൂടത്തെ പ്രേരിപ്പിച്ചത്.
എന്നാൽ മഹാമാരി വ്യാപകമായതോടെ തൊഴിലില്ലാത്തവരുടെ എണ്ണം വർധിക്കുകയും, സാമ്പത്തിക ഞെരുക്കം അനുഭവപ്പെടുകയും ചെയ്യുമ്പോൾ പഴയ തീരുമാനം പുനഃപരിശോധിക്കാൻ ഗവൺമെന്റ് തയാറാകണമെന്നും കോടതി നിർദേശിച്ചു.
25 മില്യൻ ജനങ്ങളാണ് ഇപ്പോൾ തൊഴിലില്ലായ്മ ആനുകൂല്യങ്ങൾ നേടുന്നത്. ഫെബ്രുവരിയിൽ 3.5 ശതമാനമായിരുന്ന തൊഴിലില്ലായ്മ സെപ്റ്റംബറിൽ 7.9% മായി വർധിച്ചിരിക്കുന്നു. ഫുഡ് സ്റ്റാമ്പിന് അപേക്ഷിക്കുന്നവരുടെ എണ്ണം 17% വർധിച്ചിരിക്കുന്നു. ഇതുതന്നെ 6 മില്യനോളം വരും.