തിരുവനന്തപുരം : കോവിഡ് പശ്ചാത്തലത്തില്‍ ജീവനക്കാര്‍ക്ക് പിരിച്ചുവിടല്‍ സൂചന നല്‍കി സംസ്ഥാനത്തെ ഐടി കമ്പനികള്‍. ടെക്നോപാര്‍ക്കിലെയും ഇന്‍ഫോപാര്‍ക്കിലെയും ചില കമ്പനികള്‍ ജീവനക്കാരോട് നിര്‍ബന്ധിത അവധിയില്‍ പോകാന്‍ നിര്‍ദേശിച്ചു. കരാര്‍ പുതുക്കി നല്‍കാത്തവയുമുണ്ട്. ടെക്നോപാര്‍ക്കിലെ ഒരു കമ്പനി, ജീവനക്കാര്‍ക്ക് രണ്ടു മാസത്തെ അടിസ്ഥാന ശമ്ബളം മാത്രം നല്‍കി സ്ഥാപനം പൂട്ടി.

കൊച്ചി ഐടി കമ്ബനിയിലെ ജീവനക്കാരി ആത്മഹത്യ ചെയ്തത് ജോലി നഷ്ടമാകുമെന്ന ഭീതിയെ തുടര്‍ന്നാണെന്ന് ജീവനക്കാരുടെ സംഘടനകള്‍ ആരോപിച്ചു. പുതിയ കമ്പനിയിലേക്ക് ഓഫര്‍ ലഭിച്ച്‌ നിലവില്‍ രാജിവച്ച പലര്‍ക്കും ജോലിയില്‍ പ്രവേശിക്കാനായിട്ടില്ല. 30 ശതമാനം പേര്‍ക്ക് തൊഴില്‍ നഷ്ടമായേക്കും

30 ശതമാനം ഐടി ജീവനക്കാര്‍ക്ക് ജോലി നഷ്ടമായേക്കുമെന്നാണ് ഈ രംഗത്തെ വിദഗ്ധരും പഠനങ്ങളും സൂചിപ്പിക്കുന്നത്. അമേരിക്കയിലെയും യൂറോപ്പിലെയും പ്രതിസന്ധിയും കേരളത്തിന് തിരിച്ചടിയാണ്.

സര്‍ക്കാരുകള്‍ ഇടപെടണം

സാമൂഹ്യ സുരക്ഷാ പദ്ധതികളില്ലാത്ത ഐടി ജീവനക്കാര്‍ക്ക് പുതിയ സാഹചര്യം വലിയ പ്രതിസന്ധി സൃഷ്ടിക്കുമെന്ന് സംസ്ഥാനത്തെ ഐടി ജീവനക്കാരുടെ കൂട്ടായ്മയായ പ്രതിധ്വനി പറയുന്നു. കോവിഡ് കാലത്ത് പിരിച്ചുവിടല്‍ ഒഴിവാക്കണമെന്ന് പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും നിര്‍ദേശിച്ചിട്ടുണ്ട്. പ്രതിസന്ധി പരിഹരിക്കാന്‍ പിരിച്ചുവിടല്‍ ഒഴിവാക്കി മറ്റു മാര്‍ഗങ്ങള്‍ ആലോചിക്കണം. സംസ്ഥാന സര്‍ക്കാര്‍ ചില ഇടപെടല്‍ നടത്തി. എന്നാല്‍, പ്രതിസന്ധി പരിഹരിക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ സഹായം അനിവാര്യമാണെന്നും പ്രതിധ്വനി ഭാരവാഹി രാജീവ് കൃഷ്ണന്‍ പറഞ്ഞു.

പ്രശ്നങ്ങള്‍ പഠിക്കാന്‍ സമിതി

ഐടി ജീവനക്കാരുടെ ആശങ്കകള്‍ക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് പ്രോഗ്രസീവ് ടെക്കീസ് സംസ്ഥാന ഐടി സെക്രട്ടറിയുമായും ഐടി പാര്‍ക്ക് സിഇഒയുമായും കൂടിക്കാഴ്ച നടത്തി. ഐടി ജീവനക്കാര്‍ക്കായുള്ള ഹെല്‍പ് ലൈന്‍, ഐടി ജീവനക്കാരും കമ്പനി ഉടമകളും സര്‍ക്കാര്‍ പ്രതിനിധിയും അടങ്ങിയ സമിതിയുടെ രൂപീകരണം എന്നീ ആവശ്യങ്ങള്‍ പരിഗണിക്കുമെന്ന് അവര്‍ ഉറപ്പുനല്‍കിയതായി പ്രോഗ്രസീവ് ടെക്കീസ് ഭാരവാഹി അനീഷ് പന്തലാനി പറഞ്ഞു.