ഡല്‍ഹി: പാക്കിസ്ഥാന്റെ ഐഎസ്ഐ ഏജന്‍സിക്ക് യുദ്ധവിമാന വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയതിന് ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്സ് ലിമിറ്റഡ് (എച്ച്എഎല്‍) ഉദ്യോഗസ്ഥന് അറസ്റ്റിലായി. എച്ച്എഎല്‍ ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തതായി മഹാരാഷ്ട്ര പൊലീസ് ആണ് അറിയിച്ചത്.
ഇന്ത്യന്‍ യുദ്ധവിമാനങ്ങളെയും അവയുടെ നിര്‍മാണ യൂണിറ്റിനെയും കുറിച്ചുള്ള രഹസ്യ വിവരങ്ങള്‍ ഐഎസ്ഐക്ക് നല്‍കുകയായിരുന്നു 41 കാരന്. ഐഎസ്ഐയുമായി നിരന്തരം ബന്ധപ്പെട്ടിരുന്ന ഇയാളെക്കുറിച്ച് സംസ്ഥാന തീവ്രവാദ വിരുദ്ധ സ്ക്വാഡിന്റെ (എടിഎസ്) നാസിക് യൂണിറ്റിന് വിശ്വസനീയമായ രഹസ്യവിവരം ലഭിച്ചിട്ടുണ്ടെന്ന് പൊലീസ് ഉദ്യോഗസ്ഥന് പറഞ്ഞു.
ഇന്ത്യന്‍ യുദ്ധവിമാനങ്ങളെക്കുറിച്ചും അവയുടെ സെന്‍സിറ്റീവ് വിശദാംശങ്ങളെക്കുറിച്ചും രഹസ്യ വിവരങ്ങള്‍ ഇയാള്‍ ചോര്‍ത്തി നല്‍കുകയായിരുന്നു. നാസിക്കിനടുത്തുള്ള ഓജാറിലെ എച്ച്എഎല്ലിന്റെ വിമാന നിര്‍മാണ യൂണിറ്റ്, എയര്‍ബേസ്, നിര്‍മാണ യൂണിറ്റിനുള്ളിലെ ചില നിരോധിത പ്രദേശങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അദ്ദേഹം നല്‍കിയിട്ടുണ്ട്.
അഞ്ച് സിം കാര്‍ഡുകളുള്ള മൂന്ന് മൊബൈല്‍ ഹാന്‍ഡ്സെറ്റുകളും രണ്ട് മെമ്മറി കാര്‍ഡുകളും ഇയാളില്‍ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്.
ഫോണുകളും സിം കാര്‍ഡുകളും ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയിലേക്ക് പരിശോധനയ്ക്കായി അയയ്ക്കുന്നുണ്ടെന്നും പൊലീസ് അറിയിച്ചു. പ്രതിയെ വെള്ളിയാഴ്ച കോടതിയില്‍ ഹാജരാക്കി. പത്ത് ദിവസത്തേക്ക് എടിഎസ് കസ്റ്റഡിയില്‍ വിട്ടു.
മിഗ് -21 എഫ്എല്‍ വിമാനങ്ങളുടെയും കെ -13 മിസൈലുകളുടെയും ലൈസന്‍സ് നിര്‍മാണത്തിനായി 1964 ല്‍ സ്ഥാപിതമായ എച്ച്എഎല്ലിന്റെ എയര്‍ക്രാഫ്റ്റ് ഡിവിഷന് നാസിക്കില്‍ നിന്ന് 24 കിലോമീറ്ററും മുംബൈയില്‍ നിന്ന് 200 കിലോമീറ്ററും അകലെയുള്ള ഓജാറിലാണ് സ്ഥിതി ചെയ്യുന്നത്.
മിഗ് -21 എം, മിഗ് -21 ബിസ്, മിഗ് -27 എം, അത്യാധുനിക വിമാനങ്ങളായ സു -30 എംകെഐ യുദ്ധവിമാനം എന്നിവയും ഇവിടെ നിര്‍മിച്ചിട്ടുണ്ട്. മിഗ് സീരീസ് വിമാനങ്ങളുടെ പൂര്‍ണമായ അറ്റകുറ്റപണികള്‍, സു -30 എംകെഐ വിമാനത്തിന്റെ അറ്റകുറ്റപണികളും ഈ ഡിവിഷനിലാണ് നടക്കുന്നത്.