കൊറോണ വൈറസ് വ്യാപനത്തിനിടെ തിയേറ്ററുകള്‍ തുറന്നാല്‍ രാജ്യത്തുടനീളം പാലിക്കേണ്ട സുരക്ഷാ മാര്‍ഗ്ഗനിര്‍ദേശവുമായി മള്‍ട്ടിപ്ളെക്സ് അസ്സോസിയേഷന് ഓഫ് ഇന്ത്യ.സാമൂഹിക അകലം പാലിച്ചു വേണം സിനിമകള്‍ കാണാന്‍ ജനം തിയേറ്ററുകളില്‍ എത്താന്‍. തിയേറ്ററിന്റെ എല്ലാ ഭാഗങ്ങളും അണുവിമുക്തമാക്കാണം. ടിക്കറ്റ് കൗണ്ടര്‍, ലോബി, സെക്യൂരിറ്റി ഏരിയ, തിയേറ്ററിന്റെ ഉള്‍വശം എന്നിവ ഇതില്‍ ഉള്‍പ്പെടും.
തിയേറ്ററുകളില്‍ എത്തുന്നവരെ ഇന്‍ഫ്രാറെഡ് സ്കാനര്‍ ഉപയോഗിച്ച് സ്കാന്‍ ചെയ്ത് പനിയില്ല എന്ന് ഉറപ്പ് വരുത്തും. സിനിമ കാണുമ്ബോഴും കാണികള്‍ മാസ്ക്ക് ധരിക്കുന്നത് നിര്‍ബന്ധമാക്കണം. തിയേറ്ററുകളില്‍ ഹാന്‍ഡ് സാനിടൈസര്‍ ലഭ്യമാക്കണം.
തിയേറ്ററുകളില്‍ ക്യൂവിന്റെ വലിപ്പം കുറക്കാന്‍ വേണ്ടി ഡിജിറ്റല്‍ ട്രാന്‍സാക്ഷനുകള്‍ പ്രോത്സാഹിപ്പിക്കും. കുടുംബമായി സിനിമ കാണാന്‍ എത്തുന്നവര്‍ക്ക് ഒരുമിച്ചിരിക്കാം. എന്നിരുന്നാലും ഒരേ വരിയിലുള്ള സീറ്റുകളില്‍ ചിലതില്‍ ആളുകളെ ഇരിക്കാന്‍ അനുവദിക്കുന്നതല്ല.
സാമൂഹിക അകലം തിയേറ്ററിലും പ്രാബല്യത്തില്‍ വരുത്താന്‍ വേണ്ടിയാണ് ഇത്തരമൊരു തീരുമാനം. എന്നാല്‍ ഇത് ലക്ഷ്വറി സീറ്റിങ്ങുകള്‍ ഉള്ളിടത്ത് ബാധകമല്ല. കാരണം അത്തരം ലക്ഷ്വറി ഇടങ്ങളില്‍ സീറ്റുകള്‍ തമ്മില്‍ ഒരു നിശ്ചിത അകലം നിലവില്‍ ഉണ്ട്.
ഓണ്‍ലൈനിലൂടെ തിയേറ്ററിനുള്ളില്‍ ഭക്ഷണം വാങ്ങുന്നത് പ്രോത്സാഹിപ്പിക്കും. തിയേറ്റര്‍ ജീവനക്കാര്‍ മാസ്ക്കും ഗ്ലോവ്സും നിര്‍ബന്ധമായും ഉപയോഗിക്കണം.ആരോഗ്യസേതു ആപ്പ് ഡൗണ്‍ലോഡ് ചെയ്യണം. തിയേറ്ററുകള്‍ തുറന്ന ആദ്യ രണ്ടുമാസത്തേക്ക് ഈ നിര്‍ദേശങ്ങള്‍ എല്ലാം തന്നെ കര്‍ശനമായി പാലിക്കേണ്ടതാണെന്നും സര്‍ക്കുലറില്‍ പറയുന്നു.