തിരുവനന്തപുരം: എസ്‌എസ്‌എല്‍സി, പ്ലസ് ടൂ പരീക്ഷകള്‍ ലോക്ഡൗണിനുശേഷം ഒരാഴ്ചത്തെ ഇടവേളയില്‍ നടത്താന്‍ നിര്‍ദേശം. ഒരു ബെഞ്ചില്‍ രണ്ടുപേരെ മാത്രം അനുവദിച്ചുകൊണ്ട് പരീക്ഷകള്‍ അടുപ്പിച്ചുള്ള ദിവസങ്ങളില്‍ നടത്താനാണ് ആലോചന. പ്ലസ് ടു പരീക്ഷ രാവിലെയും എസ്‌എസ്‌എല്‍സി പരീക്ഷ ഉച്ചകഴിഞ്ഞുമായിരിക്കും. പ്ലസ് വണ്‍ പരീക്ഷ മാറ്റിവെച്ചേക്കും.

പൊതുഗതാഗതം തുടങ്ങിയശേഷം മതിയോ പരീക്ഷ എന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. നാളെ വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ് മുഖ്യമന്ത്രിയുമായി പരീക്ഷാനടത്തിപ്പ് സംബന്ധിച്ച്‌ ചര്‍ച്ചനടത്തും.

മൂല്യനിര്‍ണയം സംബന്ധിച്ച്‌ ഹോം വാല്യുവേഷന്‍ നടത്തുന്നതും ക്യാമ്ബുകളുടെ എണ്ണം കൂട്ടി പഴയ രീതിയില്‍ മൂല്യനിര്‍ണയം നടത്തുന്നതും പരി​ഗണനയിലുണ്ട്. എസ്‌എസ്‌എല്‍സി പരീക്ഷയ്ക്ക് ഫാള്‍സ് നമ്ബര്‍ ഇല്ലാത്തതിനാല്‍ ഉത്തരപേപ്പറുകള്‍ അധ്യാപകരുടെ വീട്ടില്‍നല്‍കി മൂല്യനിര്‍ണയം നടത്തുന്നത് സംബന്ധിച്ച്‌ സംശയം നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ അധ്യാപകര്‍ക്ക് മൂല്യനിര്‍ണയക്യാമ്ബുകളില്‍ എത്താനുള്ള ബുദ്ധിമുട്ട് പരിഗണിച്ച്‌ ഉത്തരപേപ്പര്‍ വീട്ടിലേക്ക് നല്‍കണമെന്ന നിര്‍ദേശവും ശക്തമാണ്.