കോഴിക്കോട്: കഴിഞ്ഞ എട്ടാം തീയതിയാണ് കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശി ഒറ്റക്കണ്ടത്തില്‍ താഴത്ത് സി.എം. സുജിത്തിന്റെ വാട്ട്‌സാപ്പിലേക്ക് അവസാനമായി അര്‍ജുന്റെ വോയ്‌സ് മെസേജ് വന്നത്. കര്‍ണാടകത്തിലെ ഷിരൂരില്‍ വന്‍ദുരന്തത്തിലേക്ക് പാഞ്ഞടുക്കുന്നതിന് എട്ട് ദിവസം മുമ്പാണ് അര്‍ജുന്‍ കൂട്ടുകാരന്‍ സുജിത്തിന് ആ മെസേജ് അയച്ചത്. ലോകമെങ്ങുമുള്ള മലയാളികളുടെ കണ്ണീരും നെഞ്ചിടിപ്പുമായി കൂട്ടുകാരന്‍ മാറുന്നതിന് ദൃക്‌സാക്ഷിയായി, പ്രാര്‍ത്ഥനകള്‍ക്കൊപ്പം കഴിയുന്നതിനിടെ ഫോണിലെ ആ വോയ്‌സ് മെസേജ് സുജിത്തിനെ ഇപ്പോഴും കരയിക്കുന്നുണ്ട്. 

‘ഡാ, കുട്ടൂ, ലൈസന്‍സ് നമുക്ക് കര്‍ണ്ണാടകയില്‍ നിന്നെടുക്കാം, പറ്റുന്ന ലോഡ് വന്നാല്‍ ഞാന്‍ വിളിക്കും…’ ഇതായിരുന്നു ആ സന്ദേശം. ”കുട്ടു എന്നാണ് അവന്‍ എന്നെ വിളിക്കാറുള്ളത്. ദീര്‍ഘദൂര യാത്രകളില്‍ ഞാനെപ്പോഴും അവന്റെ കൂടെ പോവാറുണ്ടായിരുന്നു.”-സുജിത്ത് പറഞ്ഞു. വനപ്രദേശത്തു കൂടി സഞ്ചരിക്കുന്നത് കൊണ്ടാണ് ഫോണ്‍ റേഞ്ചില്ലാത്തതെന്നും സുജിത്തിനുള്ള  ലൈസന്‍സ് കര്‍ണാടകയില്‍ നിന്ന് എടുക്കാമെന്നുമായിരുന്നു ശബ്ദ സന്ദേശത്തിന്റെ ഉള്ളടക്കം. അടുത്ത് ഒരു വലിയ ലോഡ് ലഭിച്ചാല്‍ ഒരുമിച്ച് പോകാമെന്നും അര്‍ജുന്‍ മെസേജില്‍ പറയുന്നുണ്ട്. 

സുജിത്തിന് ഹെവി വെഹിക്കിള്‍ ലൈസന്‍സ് ഉണ്ടായിരുന്നില്ല. കേരളത്തില്‍ ലൈസൻസിന് പരിഷ്‌കാരങ്ങള്‍ ഏര്‍പ്പെടുത്തിയതോടെ എളുപ്പമല്ലാതായി. അതുകൊണ്ടാണ് കര്‍ണാടകയില്‍ നിന്ന് ലൈസന്‍സ് എടുക്കാമെന്ന് അര്‍ജുന്‍ സൂചിപ്പിച്ചത്. തന്നെ  വിളിക്കാമെന്ന് പറഞ്ഞ് ആ ചാറ്റ് അവസാനിപ്പിച്ച സുഹൃത്തിനുണ്ടായ അപ്രതീക്ഷിത ദുരന്തം മാനസികമായി തളര്‍ത്തിയെങ്കിലും അര്‍ജുന്‍ തിരിച്ചുവരുമെന്നും വിളിക്കുമെന്നുമുള്ള ഉറച്ച വിശ്വാസത്തിലാണ് സുജിത്ത്. 

ഒറ്റക്ക് പോകുന്നതാണ് നല്ലത്, അപ്പോള്‍ എനിക്ക് എന്നെ മാത്രം ശ്രദ്ധിച്ചാല്‍ മതിയല്ലോ..’

കര്‍ണ്ണാടകയിലേക്ക് മൂന്ന് തവണ ലോഡുമായി അര്‍ജുന്റെ കൂടെ പോയതായി സുജിത്ത് ഓര്‍ക്കുന്നു. ”മിക്ക സമയത്തും അര്‍ജ്ജുന്‍ തനിയെ തന്നെയാണ് ലോറിയുമായി പോയിരുന്നത്. കൂടുതല്‍ ലോഡ് ഉണ്ടാവുന്ന സമയത്താണ് അവന്‍ എന്നെ വിളിക്കാറ്. ജോലി ഇല്ലാത്ത സമയമാണെങ്കില്‍ ഞാനും കൂടെ പോകും.”-സുജിത്ത് പറയുന്നു.  

മറ്റാരും കൂടെയില്ലാതെ ഇത്രയും ദീര്‍ഘയാത്ര പോകുന്നത് അപകടമല്ലേ എന്ന് ഒരു തവണ അര്‍ജ്ജുനോട് ചോദിച്ച സംഭവം വിഷമത്തോടെ ഓര്‍ത്തെടുക്കുന്നുണ്ട് സുജിത്ത്. ”എന്തെങ്കിലും അപകടം ഉണ്ടായാല്‍ എന്തുചെയ്യും?” എന്നാണ് ഞാന്‍ ചോദിച്ചത്. ”ഒറ്റക്കാവുന്നതാണ് നല്ലതെന്നും അപ്പോള്‍ എനിക്ക് എന്നെമാത്രം ശ്രദ്ധിച്ചാല്‍ മതിയല്ലോ” എന്നായിരുന്നു അന്ന് അര്‍ജുന്റെ മറുപടി’.

‘ചായ കുടിക്കാനായി വണ്ടിയില്‍ നിന്നിറങ്ങുന്ന ശീലമില്ല’

ലോറിയില്‍ നിന്ന് ചായ കുടിക്കാനായി ഇറങ്ങിയപ്പോഴാണ് അര്‍ജുന്‍ അപകടത്തില്‍പ്പെട്ടത് എന്ന് കരുതുന്നില്ലെന്ന് സുജിത്ത് പറയുന്നു. ”അധികം ചായ കുടിക്കുന്ന ശീലം ഇല്ലായിരുന്നു. വണ്ടിയില്‍ ഉറങ്ങി രാവിലെ എഴുന്നേറ്റാലും പുറത്ത് നിന്ന് ചായ കുടിക്കുന്ന പതിവില്ല. ലോറിക്കുള്ളില്‍ തന്നെ അകപ്പെട്ടിരിക്കാനാണ് സാധ്യത.”- ഡ്രൈവിംഗിനിടയില്‍ ഭക്ഷണം എപ്പോഴെങ്കിലും കഴിക്കുന്ന രീതിയാണ് അര്‍ജുന്റേതെന്നും സുജിത്ത് പറയുന്നു.

‘എന്തും അതിജീവിക്കാനുള്ള മനസ്സുറപ്പുണ്ട് അവന്’

വീട് നിര്‍മിച്ചതിന്റെ സാമ്പത്തിക ബാധ്യതകള്‍ തീര്‍ക്കാനുള്ള പരക്കം പാച്ചിലിലായിരുന്നു അര്‍ജുൻ. ഒരു യാത്ര കഴിഞ്ഞ് തിരിച്ചെത്തിയെന്നറിഞ്ഞാല്‍ ഫോണില്‍ വിളിക്കും. ‘നാട്ടിലേക്ക് ഇറങ്ങില്ലേ’ എന്ന ചോദ്യത്തിന് നാളെ രാവിലെ ലോഡുമായി പോകണം എന്നും അതുവരെ വീട്ടുകാർക്കൊപ്പം ചിലവഴിക്കട്ടെ എന്നുമാണ് മിക്കപ്പോഴും ലഭിച്ചിരുന്ന മറുപടി. 

എത്ര വലിയ ലോഡ് ആണെങ്കിലും സഹായികളായി ആരും ഇല്ലെങ്കിലും അര്‍ജുന്‍ ആ ദൗത്യം ഏറ്റെടുക്കുമെന്ന് സുജിത്ത് ഓര്‍ക്കുന്നു.  ”ഏത് സാഹചര്യത്തെയും അതിജീവിക്കാമെന്ന ആത്മവിശ്വാസം അവന്റെ വാക്കുകളില്‍ എപ്പോഴും ഉണ്ടായിരുന്നു. പെട്ടെന്ന് ലൈസന്‍സ് സംഘടിപ്പിക്കണമെന്നും നിന്നെ ‘ലൈനില്‍ ഇറക്കുന്ന’ കാര്യം ഞാന്‍ ഏറ്റുവെന്നുമുള്ള അര്‍ജ്ജുന്റെ ഇടയ്ക്കിടെയുള്ള ഓര്‍മ്മപ്പെടുത്തലിനെപ്പറ്റി പറയുമ്പോള്‍ സുജിത്തിന്റെ കണ്ണുകള്‍ ഇപ്പോഴും നിറയുന്നുണ്ട്.