പത്തനംതിട്ട : റാന്നി പെരുനാട്ടില്‍ ഒഴുക്കില്‍പ്പെട്ടയാള്‍ക്കുവേണ്ടി നടത്തുന്ന തെരച്ചിലിനിടെ ഡിങ്കി ബോട്ട് മറിഞ്ഞ് അഗ്നി ശമനസേനാംഗം മുങ്ങി മരിച്ചു. പത്തനംതിട്ട ബ്രിഗേഡിലെ ഫയര്മാന് തിരുവനന്തപുരം ഒറ്റശേഖരമംഗലം മണലുവിളാകം ശരത് ഭവനില്‍ ആര്.ആര്. ശരത് ആണ് (30) മരിച്ചത്. ഇന്നലെ രാവിലെ പമ്പായിലെ മാടമണ്‍ പമ്പ് ഹൗസിനു സമീപം ഒഴുക്കില്‍പ്പെട്ട മാടമണ്‍ ചുരപ്ലാക്കല് വീട്ടില്‍ ശിവനെ (55) രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ദുരന്തം ഉണ്ടായത് .
ശിവനെ വൈകുന്നേരംവരെ കണ്ടെത്താനായില്ല . ഡിങ്കി ബോട്ടില്‍ തെരച്ചില്‍ നടത്തുന്നതിനിടെ ഇന്നലെ വൈകുന്നേരം നാലോടെ ശരത് അപകടത്തില്‍പ്പെടുകയായിരുന്നു . സഹപ്രവര്‍ത്തകര്‍ മുങ്ങിയെടുത്ത് റാന്നി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു . മൃതദേഹം പത്തനംതിട്ട ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍. പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം ഇന്നു രാവിലെ പത്തനംതിട്ട ഫയര്‍ഫോഴ്സ് യൂണിറ്റില്‍ പൊതുദര്‍ശനത്തിനു വച്ച ശേഷം ബന്ധുക്കള്‍ക്കു കൈമാറും.
അഖിലയാണ് ഭാര്യ. മൂന്ന് വയസുള്ള മകനുണ്ട്.