പാലക്കാട്: ഹൈവേ പൊലീസുദ്യോഗസ്ഥന്റെ സമയോചിതമായ ഇടപെടല്‍ ഒഴിവാക്കിയത് വലിയ ദുരന്തം. കണ്ടെയ്‌നര്‍ ലോറിയിലെ ഡ്രൈവര്‍ അപസ്മാരം വന്ന് കുഴഞ്ഞു വീണതിനെ തുടര്‍ന്ന് വാഹനം നിയന്ത്രണം വിട്ടപ്പോഴാണ് ഹൈവേ പൊലീസ് ഉദ്യോഗസ്ഥന് രക്ഷകനായത്.
നിയന്ത്രണംവിട്ട ലോറിയില്‍ ചാടിക്കയറി ബ്രേക്ക് അമര്‍ത്തിയാണ് ഹൈവേ പൊലീസ് ഡ്രൈവര്‍ വിനോദാണ് വന്‍ ദുരന്തം ഒഴിവാക്കിയത്. വെള്ളിയാഴ്ച രാവിലെ 9.45-ന് ദേശീയപാത ആലത്തൂര്‍ സ്വാതി ജങ്ഷന്‍ സിഗ്‌നലിന് സമീപമായിരുന്നു സംഭവം.
ബൈക്കില്‍ ജോലിക്കിറങ്ങിയ വിനോദ് സ്വാതി ജങ്ഷനിലെ സിഗ്നലില്‍ നില്‍ക്കുമ്ബോഴാണ് നിയന്ത്രണംവിട്ട ലോറിയിലെ ഡ്രൈവറായ ഉത്തര്‍പ്രദേശ് സ്വദേശി സന്തോഷ് റായ് തളര്‍ന്നു കിടക്കുന്നതായി കണ്ടത്. അതിനു മുന്നില്‍ നിരവധി വാഹനങ്ങള്‍ പോകുന്നുണ്ടായിരുന്നു.
ലോറിയിലേക്ക് വിനോദ് ചാടിക്കയറി സ്റ്റിയറിങ് നിയന്ത്രണത്തിലാക്കി ബ്രേക്ക് ചെയ്ത് വാഹനം നിര്‍ത്തി. സിഗ്നലിനു സമീപത്തെ വൈദ്യുതത്തൂണിലിടിച്ച ലോറി നില്‍ക്കാതെ ഓട്ടോറിക്ഷ സ്റ്റാന്‍ഡിലേക്ക് നീങ്ങി. ഇതോടെയാണ് വിനോദിന്റെ അവസരോചിതമായ ഇടപെടല്‍ വലിയ അപകടം ഒഴിവാക്കിയത്.
മഹാരാഷ്ട്രയില്‍ നിന്ന് തൃശൂര്‍ ഭാഗത്തേക്ക് പോകുകയായിരുന്നു ലോറി. ലോറിയുടെ വരവില്‍ പന്തികേടു തോന്നിയ ആലത്തൂര്‍ സ്റ്റേഷനിലെ ഹോംഗാര്‍ഡ് ടിപി മോഹന്‍ദാസ് തൊട്ടടുത്ത് ജോലി ചെയ്തിരുന്ന സ്ത്രീയെയും വലിച്ചു കൊണ്ട് സമീപത്തെ കടയുടെ മുന്നിലേക്ക് ഓടിമാറിയാണ് രക്ഷപ്പെട്ടത്.
ആലത്തൂര്‍ അഗ്നിരക്ഷാ സേനയുടെ ആംബുലന്‍സില്‍ താലൂക്കാശുപത്രിയില്‍ എത്തിച്ച ഡ്രൈവറെ ജില്ലാ ആശുപത്രിയിലെ നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. പാലക്കാട് എആര്‍ ക്യാമ്ബിലെ ഡ്രൈവര്‍ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസറാണ് ആലത്തൂര്‍ കാട്ടുശ്ശേരി സ്വദേശിയായ വിനോദ്.