ഓര്‍ത്തഡോക്‌സ്, യാക്കോബായ വിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കം പരിഹരിക്കുന്നതിന് മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ച രണ്ടാംഘട്ട ചര്‍ച്ച ഇന്ന്. ഉച്ചകഴിഞ്ഞ് തിരുവനന്തപുരത്ത് നടക്കുന്ന ചര്‍ച്ചയില്‍ ഇരുവിഭാഗങ്ങളുടെയും പ്രതിനിധികള്‍ പങ്കെടുക്കും.
കഴിഞ്ഞ മാസം 21 ന് ഓര്‍ത്തഡോക്‌സ്, യാക്കോബായ വിഭാഗങ്ങളുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തിയിരുന്നു. അതിന്റെ തുടര്‍ച്ചയായാണ് ഇന്നത്തെ ചര്‍ച്ച. ഇരുവിഭാഗങ്ങളെയും ഒന്നിച്ചിരുത്തി തന്റെ സാന്നിധ്യത്തില്‍ ചര്‍ച്ച നടത്താമെന്ന മുഖ്യമന്ത്രിയുടെ നിര്‍ദേശം ഇരുസഭകളും സ്വീകരിച്ചിരുന്നു. രണ്ടു വിഭാഗവും തങ്ങളുടെ നിലപാടുകള്‍ മുഖ്യമന്ത്രിക്ക് മുന്നില്‍ അവതരിപ്പിച്ചിട്ടുണ്ട്. ഇടവകകളില്‍ ജനഹിത പരിശോധന നടത്തി തര്‍ക്കത്തില്‍ തീര്‍പ്പു കല്‍പ്പിക്കുന്നതിന് നിയമനിര്‍മാണം ഉള്‍പ്പെടെയുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണമെന്ന് മുഖ്യമന്ത്രിക്ക് നല്‍കിയ നിവേദനത്തില്‍ യാക്കോബായ സഭ ആവശ്യപ്പെട്ടു. എന്നാല്‍ സുപ്രിം കോടതി വിധി അന്തിമമാണെന്നും അതു മറികടന്നു നിയമ നിര്‍മാണം നടത്താനാവില്ലെന്നുമുള്ള നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് ഓര്‍ത്തഡോക്‌സ് സഭ.
യാക്കോബായ സഭയെ പ്രതിനിധീകരിച്ച് സുന്നഹദോസ് സെക്രട്ടറി ഡോ.തോമസ് മാര്‍ തിമോത്തിയോസ്, ഡോ.കുര്യാക്കോസ് മാര്‍ തെയോഫിലോസ്, ഡോ.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് എന്നിവരും ഓര്‍ത്തഡോക്‌സ് സഭയെ പ്രതിനിധീകരിച്ച് സുന്നഹദോസ് സെക്രട്ടറി ഡോ.യൂഹാനോന്‍ മാര്‍ ദിയസ്‌കോറസ്, ഡോ.ഗബ്രിയേല്‍ മാര്‍ ഗ്രിഗോറിയോസ്, ഡോ.തോമസ് മാര്‍ അത്തനാസിയോസ് എന്നിവരുമാണ് ചര്‍ച്ചയില്‍ പങ്കെടുക്കുന്നത്.