ഓൺലൈൻ ഗെയിം കളിച്ച് 12കാരനായ മകൻ നഷ്ടപ്പെടുത്തിയത് 90000 രൂപ. തമിഴ്നാട്ടിലാണ് സംഭവം. അമ്മയുടെ എടിഎം കാർഡ് വിവരങ്ങൾ ഉപയോഗിച്ചാണ് ഒരു ലക്ഷത്തോളം രൂപ വിവിധ ഓൺലൈൻ ഗെയിമുകൾക്കായി മകൻ ചെലവഴിച്ചത്. ബാലൻസ് നോക്കാനായി എടിഎം സന്ദർശിച്ചപ്പോഴാണ് മാതാപിതാക്കൾ വിവരം അറിഞ്ഞത്.
തമിഴ്നാട് മധുരയിലെ മേലകിദാരത്തിലാണ് സംഭവം. കൊവിഡ് പശ്ചാത്തലത്തിൽ ഗെയിം കളിക്കാൻ മാതാപിതാക്കൾ മകന് അനുവാദം നൽകിയിരുന്നു. വീട്ടിൽ തന്നെ ഇരിക്കുമല്ലോ എന്നതായിരുന്നു ഇതിനു കാരണം. ഓൺലൈനിൽ നിന്ന് സാധനങ്ങൾ വാങ്ങാനായി സഹായം തേടിയ അമ്മയുടെ എടിഎം വിവരങ്ങൾ മനസ്സിലാക്കിയ മകൻ പിന്നീട് 90000 രൂപ ഓൺലൈൻ ഗെയിമുകകൾക്കായി ചെലവഴിക്കുകയായിരുന്നു. എടിഎം ബൂത്തിൽ ചെന്ന് ബാലൻസ് പരിശോധിച്ചപ്പോൾ 7000 രൂപയെന്ന് കണ്ടെത്തിയ മാതാപിതാക്കൾ പിന്നീട് നടത്തിയ അന്വേഷണത്തിലാണ് പിന്നിൽ മകൻ തന്നെയാണെന്ന് കണ്ടെത്തിയത്.
ഓൺലൈൻ ഗെയിമിനായി പണം ചെലവാക്കിയതിനു ശേഷം ബാങ്കിൽ നിന്ന് വരുന്ന എസ്എംഎസുകൾ മകൻ ഡിലീറ്റ് ചെയ്തിരുന്നു. അതുകൊണ്ട് തന്നെ പണം നഷ്ടമാവുന്ന വിവരം മാതാപിതാക്കൾ അറിഞ്ഞിരുന്നില്ല. ആദ്യം എടിഎം ഉപയോഗിച്ച വിവരം മകൻ നിഷേധിച്ചു എങ്കിലും പിന്നീട് കുറ്റം സമ്മതിക്കുകയായിരുന്നു.
മകൻ കുറ്റക്കാരനെന്ന് കണ്ടെത്തിയതോടെ വിചിത്രമായ ശിക്ഷയാണ് അച്ഛൻ സെന്തിൽ കുമാർ നൽകിയത്. ഒന്നുമുതല്‍ 90000 വരെ എഴുതുകയായിരുന്നു ശിക്ഷ. അഞ്ചു ദിവസം കൊണ്ട് 3500 വരെ എഴുതി. തുടർന്ന് ഇനി മൊബൈൽ ഗെയിം കളിക്കില്ലെന്ന് മകൻ ഉറപ്പു നൽകിയെന്ന് പിതാവ് പറയുന്നു. മകൻ ഓൺലൈൻ ഗെയിമുകൾക്ക് അഡിക്ടാണെന്നും അത് കുറയ്ക്കാൻ ശ്രമിച്ചു കൊണ്ടിരിക്കുകയാണെന്നും പിതാവ് പറഞ്ഞു.