തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതല്‍ ആരാധനാലയങ്ങള്‍, മാളുകള്‍, ഹോട്ടലുകള്‍ എന്നിവ പ്രവര്‍ത്തിച്ചു തുടങ്ങും. ആരാധനാലയങ്ങളും മാളുകളും ഹോട്ടലുകളും റസ്റ്റോറന്‍റുകളും തുറക്കുന്നതിന് മുന്നോടിയായി നാളെ ശുചീകരണവും അണുനശീകരണവും നടത്തണം. ചൊവ്വാഴ്ചയോടെയാണ് ഇവ പ്രവര്‍ത്തനം തുടങ്ങുക.
കൊവിഡ് രോഗബാധിതരുടെ എണ്ണം കൂടുന്ന സാഹചര്യത്തിലാണ് പുതിയ ഇളവുകള്‍ പ്രാവര്‍ത്തികമാകുന്നത്. ഒരേസമയം ഏറ്റവും കുറച്ചുപേരെ മാത്രം പ്രവേശിപ്പിക്കുക, ശാരീരിക അകലം, മാസ്ക്ക്, സാനിറ്റെസേഷന്‍ ഇവ വിട്ടുവീഴ്ചയില്ലാതെ നടപ്പാക്കുക എന്നിവയാണ് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയിട്ടുള്ള നിര്‍ദേശം. ഇതില്‍കൂടുതല്‍ വ്യക്തവരുത്തിക്കൊണ്ടാണ് സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുള്ളത്.
ആരാധനാലയങ്ങളില്‍ ഒരേസമയം നൂറുപേരില്‍കൂടുതല്‍പാടില്ല. അവര്‍ ആറ് മീറ്റര്‍ അകലം പാലിക്കണം. ഭക്ഷണ, പ്രസാദ വിതരണം പാടില്ല. മാമോദീസ സപ‌്ര്‍ശനമില്ലാതെയാണ് നടത്തേണ്ടത് എന്നിവ ആരാധാനലയങ്ങളുടെ നിയന്ത്രണങ്ങളില്‍ ഉള്‍പ്പെടുന്നു. റസ്റ്റോറന്‍റുകളില്‍ മെനുകാര്‍ഡ് ഒരു തവണമാത്രമെ ഉപയോഗിക്കാവൂ. ആളുകള്‍ക്ക് കയറാനും ഇറങ്ങാനും പ്രത്യേക വാതിലുകള്‍ വേണം. മാളുകളില്‍ ലിഫ്റ്റും എസ്ക്കലേറ്ററും പ്രവര്‍ത്തിപ്പിക്കാന്‍ പ്രത്യേക ജീവനക്കാര്‍വേണം. ആള്‍ക്കൂട്ടം അനുവദിക്കരുതെന്നും മാര്‍ഗനിര്‍ദേശത്തില്‍ വ്യക്തമാക്കുന്നു.
സംസ്ഥാനത്ത് ദിവസവും നൂറിലധികം പുതിയ കൊവിഡ് രോഗബാധിരുണ്ടാകുന്ന സാഹചര്യമാണ് നിലനില്‍ക്കുന്നത്. ക്വാറന്‍റീന്‍ ഏതാണ്ട് പൂര്‍ണമായും വീടുകളിലേക്ക് മാറുകയുമാണ്. ഇളവുകള്‍ക്കൊപ്പം നിരീക്ഷണവും ആരോഗ്യസുരക്ഷയും എത്രമാത്രം ഉറപ്പാക്കാനാവുമെന്ന വെല്ലുവിളിക്കു മുന്നിലേക്കാണ് സംസ്ഥാനം ഈ ആഴ്ച കടക്കുന്നത്.