ന്യൂഡല്‍ഹി: കഠിനംകുളം കൂട്ടബലാത്സംഗത്തില്‍ ദേശീയ വനിതാകമ്മിഷന്‍ സ്വമേധയാ കേസെടുത്തു. സംഭവത്തില്‍ സംസ്ഥാന സര്‍ക്കാരിനോട് കമ്മിഷന്‍ റിപ്പോര്‍ട്ട് തേടി. കേസില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നത് വരെ എന്തൊക്കെ നടപടികള്‍ സ്വീകരിച്ചുവെന്നത് കമ്മിഷനെ അറിയിക്കണമെന്ന് ഡി.ജി.പി. ആര്‍.ശ്രീലേഖയോട് കമ്മിഷന്‍ നിര്‍ദേശിച്ചു.

യുവതിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ ആറ് പ്രതികളെ അറസ്റ്റ് ചെയ്‌തെന്നാണ് തിരുവനന്തപുരം റൂറല്‍ എസ്.പി. പറഞ്ഞതെന്നും, യുവതിയും കുട്ടികളും നിലവില്‍ സുരക്ഷിതരാണെന്നും കമ്മിഷന്‍ അറിയിച്ചു. വ്യാഴാഴ്ച രാത്രിയാണ് തിരുവനന്തപുരം കഠിനംകുളത്ത് യുവതിയെ ഭര്‍ത്താവും സുഹൃത്തുക്കളും ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്തത്.

ബീച്ചിലേക്ക് കൊണ്ടുപോകാമെന്ന് പറഞ്ഞാണ് വ്യാഴാഴ്ച വൈകീട്ട് പോത്തന്‍കോട്ടെ വീട്ടില്‍നിന്ന് യുവതിയെയും രണ്ടു മക്കളെയും ഭര്‍ത്താവ് കഠിനംകുളത്തെ വീട്ടിലെത്തിച്ചത്. അവിടെവച്ച്‌ ഭര്‍ത്താവും സുഹൃത്തുക്കളും ചേര്‍ന്ന് യുവതിയെ നിര്‍ബന്ധിച്ച്‌ മദ്യം കുടിപ്പിച്ചു. സംഘത്തിലെ ഒരാള്‍ ഉപദ്രവിക്കാന്‍ ശ്രമിച്ചപ്പോള്‍ മൂത്ത മകനെയുമെടുത്ത് യുവതി ഇറങ്ങിയോടി. ഇളയമകന്‍ നേരത്തേ ഭര്‍ത്താവിനൊപ്പം പുറത്തേക്ക് പോയിരുന്നു. പിറകേയെത്തിയവര്‍ ഭര്‍ത്താവ് പ്രശ്നമുണ്ടാക്കുകയാണെന്നും തിരികെയെത്തണമെന്നും നിര്‍ബന്ധിച്ചു. അവിടെനിന്ന് യുവതിയെ ഇവര്‍ ഓട്ടോയില്‍ക്കയറ്റി തൊട്ടടുത്ത കാട്ടിലെത്തിച്ച്‌ പീഡിപ്പിക്കുകയായിരുന്നു.