തിരുവനന്തപുരം: കഠിനംകുളത്തെ കൂട്ടബലാല്‍സംഗക്കേസില്‍ പ്രതികള്‍ക്കെതിരെ കുരുക്ക് മുറുക്കി അഞ്ചുവയസുകാരന്റെ മൊഴി. അമ്മയെ ഉപദ്രവിച്ചെന്നും തടയാന്‍ ശ്രമിച്ചപ്പോള്‍ തന്നെ അടിച്ചെന്നും യുവതിയുടെ മകന്‍ മൊഴി നല്‍കി. ഭര്‍ത്താവ് കഞ്ചാവ് ഉപയോഗിക്കാറുണ്ടെന്ന് യുവതിയും മൊഴി നല്‍കി. പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
പീഡനത്തിന് ഇരയായ യുവതിയുടെ ഭര്‍ത്താവടക്കം അഞ്ച് പ്രതികള്‍ അറസ്റ്റിലായതോടെ കേസിന്റെ ആദ്യഘട്ടം പൂര്‍ത്തിയായി. ഇനി ശക്തമായ തെളിവ് ശേഖരണത്തിലേക്ക് കടക്കാനാണ് കഠിനംകുളം പൊലീസിന്റെ ശ്രമം. ഇതില്‍ യുവതിയുടെ ഭര്‍ത്താവിനും പ്രതികള്‍ക്കുമെതിരെയുള്ള തെളിവായി മാറുകയാണ് യുവതിയുടെ മകന്റെ മൊഴി.
അച്ഛനും അമ്മയ്ക്കുമൊപ്പം ബൈക്കില്‍ ബീച്ചിലെത്തിയതും അച്ഛന്റെ സുഹൃത്തിന്റെ വീട്ടിലേക്ക് പോയതുമെല്ലാം അഞ്ച് വയസുകാരന്‍ കൃത്യമായി ഓര്‍ത്തെടുത്ത് പറഞ്ഞു. തിരികെ പോകാനിറങ്ങിയ അമ്മയേയും തന്നെയും ബലംപ്രയോഗിച്ച് ഓട്ടോയില്‍ കയറ്റി കാട്ടിലേക്ക് കൊണ്ടുപോയെന്നും മൊഴിയുണ്ട്.
അവിടെ വച്ച് നാല് പേര്‍ ചേര്‍ന്ന് അമ്മയെ ഉപദ്രവിച്ചു. ഇത് തടയാന്‍ ശ്രമിച്ചപ്പോള്‍ ഒരാള്‍ തന്നെ നെഞ്ചത്ത് പിടിച്ച് തള്ളിയിട്ടു. ഇതോടെ ഉച്ചത്തില്‍ കരഞ്ഞപ്പോള്‍ മുഖത്ത് അടിച്ചെന്നും മൊഴിയില്‍ പറയുന്നു. യുവതിയുടെ മൊഴിയുമായി പൂര്‍ണമായും പൊരുത്തപ്പെടുന്നതിനാല്‍ മകനെ മുഖ്യസാക്ഷിയാകാനാകുമെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍.
ഭര്‍ത്താവ് അമിതമായി മദ്യവും ലഹരിമരുന്നുകളും ഉപയോഗിക്കാറുണ്ടെന്ന യുവതിയുെട മൊഴിയും കേസില്‍ നിര്‍ണായകമായേക്കും. ഭര്‍ത്താവ് ആസൂത്രിതമായി യുവതിയെ പീഡനത്തിന് വിട്ടുകൊടുത്തതാണെന്ന് നിഗമനം ശരിവയ്ക്കുന്ന കൂടുതല്‍ തെളിവുകളും പൊലീസിന് ലഭിച്ചു.
ഉപദ്രവിച്ച നാല് പ്രതികളില്‍ ഒരാളെ മാത്രമേ ഭര്‍ത്താവിന് നേരിട്ട് പരിചയമുള്ളു. ഇയാള്‍ ഭര്‍ത്താവിന് പണം നല്‍കുന്നത് കണ്ടു എന്നാണ് യുവതിയുടെ മൊഴി. അതിനാല്‍ പണം നല്‍കിയ പ്രതിയാവും മറ്റുള്ളവരെ വിളിച്ചുവരുത്തിയതെന്നും ഇതിനായാവും പണം നല്‍കിയതെന്നും പൊലീസ് കരുതുന്നു. യുവതിയുടെ രഹസ്യമൊഴി കൂടി പരിശോധിച്ച ശേഷം ഇക്കാര്യത്തില്‍ കൂടുതല്‍ അന്വേഷണത്തിലേക്ക് കടക്കും.