ഷാര്‍ജ: ( 23.06.2020) കണ്ണൂര്‍ സ്വദേശിയായ വ്യവസായിയെ ഷാര്‍ജയില്‍ കെട്ടിടത്തില്‍നിന്നും വീണുമരിച്ചനിലയില്‍ കണ്ടെത്തി. കണ്ണൂര്‍ സ്വദേശിയായ ടി പി അജിത്തിനെ(55) ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ദുബൈയില്‍ സ്വന്തമായുള്ള മഡോണ വില്ലയിലായിരുന്നു അജിത്ത് താമസിച്ചിരുന്നത്. തിങ്കളാഴ്ച ഷാര്‍ജ ജമാല്‍ അബ്ദുള്‍നാസര്‍ സ്ട്രീറ്റിലെ 25 നിലയിലുള്ള കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ചതായി കണ്ടെത്തിയത്. തിങ്കളാഴ്ച രാവിലെ ഷാര്‍ജ പോലീസും പാരാമെഡിക്കല്‍ വിഭാഗവും സ്ഥലത്തെത്തി മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി.

30 വര്‍ഷമായി യു എ ഇയിലുള്ള അജിത്ത് ദുബൈയില്‍ സ്‌പെയ്‌സ് മാക്‌സ് എന്ന കമ്ബനി നടത്തുകയാണ്. ഗോഡൗണ്‍, ലോജിസ്റ്റിക്ക്, വര്‍ക്ക് ഷോപ്പ്, ഫാക്ടറി, കോള്‍ഡ് സ്റ്റോറേജ് സൗകര്യം തുടങ്ങിയ വിപുലമായ സംവിധാനങ്ങളുള്ള സ്ഥാപനം വിവിധ ഗള്‍ഫ് രാജ്യങ്ങളിലുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നു. കണ്ണൂരില്‍ അടുത്തിടെ സ്വന്തമായി വീടെടുത്ത് താമസവും തുടങ്ങിയിരുന്നു. കുടുംബം ദുബൈയിലാണുള്ളത്, ഭാര്യ ബിന്ദു. മകന്‍ എന്‍ജിനീയറിങ് പഠനം കഴിഞ്ഞ് അജിത്തിന്റെ കൂടെ ജോലി ചെയ്യുന്നു. മകള്‍ വിദ്യാര്‍ഥിനി. ദുബൈയില്‍ താമസിക്കുന്ന അജിത്ത് ഷാര്‍ജയിലെത്തിയതെന്തിനെന്നറിയില്ല.