ന്യൂഡല്‍ഹി| കോഴിക്കോട് കരിപ്പൂരില്‍ അപകടത്തില്‍പ്പെട്ട എയര്‍ ഇന്ത്യാ വിമാനത്തിന്റെ ബ്ലാക് ബോക്‌സില്‍ നിന്ന് ഉടന്‍ വിവരങ്ങള്‍ കണ്ടെത്തുമെന്ന് ഡി ജി സി എ ചീഫ് അനില്‍ കുമാര്‍ പറഞ്ഞു. വിശദമായ അന്വേഷണത്തിന് ശേഷമേ അപകടത്തിന്റെ കാരണത്തെ കുറിച്ചുള്ള എന്തെങ്കിലും വിവരം നല്‍കാന്‍ കഴിയുള്ളുവെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

ബ്ലാക്‌ബോക്‌സില്‍ നിന്ന് എത്രയും വേഗം വിവരങ്ങള്‍ ലഭ്യമാക്കുമെന്നും വിമാനത്തിന്റെ ഉപകരണങ്ങള്‍ പരിശോധിക്കാനും എന്താണ് കാരണമെന്ന് മനസ്സിലാക്കാനും ബോയിംഗ് കമ്ബനിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. സമഗ്രവും പക്ഷപാതപരവുമായ അന്വേഷണം നടത്തിയാലെ കൃത്യമായ വിവരങ്ങള്‍ പറയാന്‍ കഴിയുവെന്നും അനില്‍ കുമാര്‍ പറഞ്ഞു.

ഇത് ദൗര്‍ഭാഗ്യകരമായിപ്പോയി. അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റെ ഇന്‍വെസ്റ്റഗേഷന്‍ ബ്യൂറോ അപകടത്തെ കുറിച്ച്‌ സ്വതന്ത്രമായി അന്വേഷണം നടത്തും. അന്തരാഷ്ട്ര വ്യോമയാന സംഘടന മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

വിമാനം 300 അടി റണ്‍വേയെ മറികടന്നതായാണ് പ്രാഥമിക കണ്ടെത്തല്‍. നേരിയ മഴ കാരണം വിമാനം റണ്‍വേയില്‍ തൊടാനാകാതെ 10 അടി താഴേക്ക് പോയിയെന്നും അപകടത്തിലെ എല്ലാ വശങ്ങളും അന്വേഷിക്കണ്ടതുണ്ടെന്നും കുമാര്‍ പറഞ്ഞു. അപകടത്തില്‍ രണ്ട് പൈലറ്റ് ഉള്‍പ്പെടെ 18 പേരാണ് മരിച്ചത്.