• ബേബി ഊരാളിൽ

എഴുപത്തഞ്ചാമത് പിറന്നാള്‍ ആഘോഷിച്ച മുഖ്യമന്ത്രി പിണറായി വിജയന് ജന്മദിനാശംസകള്‍. ഇക്കഴിഞ്ഞ ലോക കേരളസഭ സമ്മേളനം കഴിഞ്ഞു കൊച്ചിയില്‍ നിന്ന് അമേരിക്കയിലേക്ക് ഡല്‍ഹി വഴിയുള്ള എയര്‍ ഇന്ത്യ ഫ്‌ലൈറ്റില്‍ വച്ച് അവിചാരിതമായാണ് ഞാന്‍ അദ്ദേഹത്തെ കണ്ടത്. പ്രവാസി ചാനലിന്റെ ഉത്ഘാടനത്തില്‍ കൊച്ചിയില്‍ വച്ച് കണ്ടിരുന്നുവെങ്കിലും ഇത്ര സ്‌നേഹത്തോടെ അടുത്ത് വിളിച്ചു തന്റെ സീറ്റിനു അടുത്ത് ഇരുത്തി പരസ്പരം സംസാരിക്കാന്‍ ഇടവന്നത് മറക്കാനാകില്ല. ഞാന്‍ കേട്ടറിഞ്ഞ പരുക്കനായ മനുഷ്യനായിരുന്നില്ല അദ്ദേഹം.

രാഷ്ട്രീയ, സാമൂഹ്യ, പ്രവാസ ജീവിത കുറിച്ചും, അവസാനം മക്കളെ കുറിച്ചും കുഞ്ഞു മകളെ കുറിച്ചും ഒക്കെ ചോദിച്ചറിഞ്ഞു. കൂടെ അദ്ദേത്തിന്റെ മക്കളെ കുറിച്ചും കൊച്ചുമക്കളെ കുറിച്ചും ഒക്കെ സംസാരിച്ചു. ഒരു കടുംപിടുത്ത കമ്മ്യൂണിസ്റ്റുകാരനില്‍ നിന്ന് സ്‌നേഹമുള്ള ഒരു സാദാ മനുഷ്യനെയാണ് എനിക്ക് കാണാന്‍, അനുഭവിച്ചറിയാന്‍ കഴിഞ്ഞത്. കേരളത്തിന്റെ വികസന കാര്യങ്ങള്‍ പറഞ്ഞപ്പോള്‍ അദ്ദേഹത്തിനു രണ്ടു നാവാണ്. കേരളത്തെ, ജനങ്ങളെ, അവരുടെ കഴിവിനെ, ഉപയോഗിക്കുന്നതിനെക്കുറിച്ച് പറഞ്ഞത് എത്ര ആത്മാര്‍ത്ഥതയോടെ ആണെന്ന് ഞാന്‍ അറിഞ്ഞു.

അങ്ങനെ യാത്ര ഡല്‍ഹിയിലെത്തിയത് അറിഞ്ഞില്ല. ഇപ്പോള്‍ കൊറോണ കാലത്തു വീട്ടില്‍ തന്നെ ഇരിക്കുമ്പോള്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ കേരളത്തില്‍ കോവിഡ് 19 നെ പ്രതിരോധിക്കുന്ന രീതി ലോക രാജ്യങ്ങള്‍ക്കു മാതൃകയായത് ലോകമെനും വാര്‍ത്തയായി. അത് കൊണ്ട് തന്നെ മലയാളി എന്നതില്‍ നമ്മള്‍ അഭിമാനം കൊള്ളുന്നു.

ആത്മാര്‍ത്ഥതയും ഇഛാശക്തിയുമുള്ള രാഷ്ട്രീയ നേതാക്കളെ തിരിച്ചറിയാന്‍ പലരും അല്‍പ്പം വൈകി പോയിട്ടുണ്ടാവാം. പക്ഷെ എന്നേക്കുമായി ആരെയും ഇരുട്ടത്ത് നിര്‍ത്താന്‍ ആര്‍ക്കുമാവില്ല. ഇതൊക്കെയാണ് ഒരു വിമാന യാത്ര എനിക്ക് തന്ന അനുഭവം. മുഖ്യമന്ത്രിക്കു ഒരിക്കല്‍ കൂടി എന്റെയും കുടുംബത്തിന്റെയും ജന്മദിനാശംസകള്‍.