കൊച്ചി: കളമശേരി മെഡിക്കല്‍ കോളേജില്‍ ആരോഗ്യവകുപ്പ് അന്വേഷണം തുടങ്ങി. ആരോഗ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരം ആരോഗ്യ വിദ്യാഭ്യാസവകുപ്പ് ഡയറക്ടര്‍ റംല ബീവി ആണ് അന്വേഷണം നടത്തുന്നത്. മെഡിക്കല്‍ കോളേജ് അധികൃതരില്‍ നിന്നും ബന്ധപ്പെട്ട വകുപ്പ് മേധാവികളില്‍ നിന്നും വിവരങ്ങള്‍ ചോദിച്ചറിയുമെന്നും ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടര്‍ വ്യക്തമാക്കി. മരിച്ച ഹാരിസിന്റെ ബന്ധുക്കളോടും സംസാരിക്കും. ഉടന്‍ അന്വേഷണം പൂര്‍ത്തിയാക്കി ആരോഗ്യവകുപ്പ് മന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കാനാണ് നീക്കം.
എന്നാല്‍ നഴ്സിങ് ഒാഫിസര്‍ ജലജാദേവിയുടെ ശബ്ദസന്ദേശത്തില്‍ രോഗിയുടെ മരണവുമായി ബന്ധപ്പെട്ടു പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ അസത്യമാണെന്ന് മെഡിക്കല്‍ കോളജ് അധികൃതര്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. മരിക്കുമ്പോഴും ഹാരിസ് കോവിഡ് പോസിറ്റീവ് ആയി അതീവഗുരുതരാവസ്ഥയിലായിരുന്നുവെന്നും ഈ അവസ്ഥയില്‍ രോഗിയെ വാര്‍ഡിലേക്ക് മാറ്റുമെന്നു ശബ്ദസന്ദേശത്തില്‍ പറയുന്നത് അശാസ്ത്രീയമാണെന്നും മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍, സൂപ്രണ്ട് എന്നിവര്‍ സംയുക്തമായി തയാറാക്കിയ വാര്‍ത്താകുറിപ്പിലൂടെ അറിയിച്ചു.
വിവാദമായ ഓഡിയോ സന്ദേശം തയ്യാറാക്കിയ നഴ്സിംഗ് ഓഫിസറെ ഇന്നലെ തന്നെ സസ്പെന്‍ഡ് ചെയ്യുകയും ചെയ്തു. ഹാരിസിന്റെ ബന്ധുക്കള്‍ നല്കിയ പരാതിയില്‍ ഇന്ന് അന്വേഷണം തുടങ്ങുമെന്ന് കളമശേരി പൊലീസ് വ്യക്തമാക്കി.