കൊച്ചി: കളമശ്ശേരി മെഡിക്കല്‍ കോളജ് വികസിപ്പിച്ച വിസ്‌ക് അഥവാ വാക്ക് ഇന്‍ സാംപിള്‍ കിയോസ്‌ക് തമിഴ്‌നാട്ടിലേക്ക് അയച്ചു തുടങ്ങി. കൊവിഡ് പരിശോധനയ്ക്ക് സാംപിള്‍ ശേഖരിക്കുമ്ബോള്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് സുരക്ഷ ഭീഷണി ഉണ്ടാകാതിരിക്കാന്‍ വികസിപ്പിച്ച സംവിധാനമാണ് ഇത്. തമിഴ്‌നാട്ടില്‍ രോഗികളുടെ എണ്ണം ക്രമാതീതമായ വര്‍ദ്ധിച്ചതോടെ വിസ്‌ക്കുകള്‍ എത്തിച്ച് പരിശോധന വ്യാപകമാക്കാനാണ് ആലോചന.
കൊവിഡ് ലക്ഷണങ്ങള്‍ ഉള്ള ആളുകളുടെ സാംപിള്‍ ശേഖരിക്കുമ്ബോള്‍ വില കൂടിയ പിപിഇ കിറ്റ് ഒഴിവാക്കാനാണ് പുതിയ സംവിധാനമായ വിസ്‌ക് വിസകിപ്പിച്ചത്. ഈ കിയോസ്‌ക്കുകളില്‍ സാംപിള്‍ ശേഖരിക്കുന്നവരുടെയും നല്‍കുന്നവരുടെയും സുരക്ഷക്കാവശ്യമായ സംവിധാനങ്ങളെല്ലമുണ്ട്. കുറഞ്ഞ സമയം കൊണ്ട് സാംപിള്‍ ശേഖരിക്കുകയും ചെയ്യാം. മലിനീകരണ നിയന്ത്രണ ബോര്‍ഡ് അംഗം ടികെ ഷാജഹാന്റെ നേതൃത്വത്തിലാണിവ ആദ്യം നിര്‍മ്മിച്ചത്.
തമിഴ്‌നാട്ടിലെ മൂന്നു ജില്ലാ കളക്ടര്‍മാരും തേനി എംപി രവീന്ദ്ര കുമാറും കിയോസ്‌ക്കുകള്‍ നിര്‍മ്മിച്ചു നല്‍കണമെന്നാവശ്യമുന്നയിച്ച് വരികയായിരുന്നു. പതിനെട്ട് കിയോസ്‌ക്കുകളാണ് ആദ്യഘട്ടത്തില്‍ തമിഴ്‌നാട്ടിലേക്ക് അയച്ചത്. തിരുവണ്ണാമലൈ, തേനി, വെല്ലൂര്‍ എന്നീ ജില്ലകളിലെ ആശുപത്രകളിലായിരിക്കും ഇവ സ്ഥാപിക്കുക. മുപ്പത്തി അയ്യായിരം രൂപയോളമാണ് ഒരെണ്ണത്തിന്റെ നിര്‍മ്മാണ ചെലവ്. ലോക്ക്ഡൗണ്‍മൂലം സാധനങ്ങള്‍ കിട്ടാനില്ലാത്തത് നിര്‍മ്മാണത്തെ ബാധിക്കുന്നുണ്ട്.
കിയോസ്‌കുകള്‍ ആവശ്യപ്പെട്ട മറ്റു സംസ്ഥാനങ്ങള്‍ക്ക് രൂപരേഖയും നിര്‍മാണ രീതിയും അയച്ച്‌ു കൊടുക്കുന്നുണ്ട്. ഗ്ലൗസുകളുടെ അണു നശീകരണത്തിന് ഓട്ടോമാറ്റിക് സംവിധാനമുള്‍പ്പെടെയുളളവ വികസിപ്പിക്കാനുളള ശ്രമത്തിലാണ് ഇപ്പോള്‍ ഷാജഹാനും സംഘവും.