ന്യൂഡല്‍ഹി: 15 സംസ്ഥാനങ്ങളിലായി നേരത്തെ കൊറോണ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്ത 25 ജില്ലകളില്‍ കഴിഞ്ഞ 14 ദിവസമായി പുതിയ കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. ഇത് ശുഭസൂചനയാണെന്നും ആരോഗ്യമന്ത്രാലയം ജോയിന്‍ സെക്രട്ടറി ലാവ് അഗര്‍വാള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 25 ജില്ലകളില്‍ കേരളത്തില്‍ നിന്ന് വയനാട്, കോട്ടയം എന്നീ ജില്ലകളുമുണ്ട്.
വൈകിട്ട് അവസാനിച്ച 24 മണിക്കൂറിനുള്ളില്‍ രാജ്യമെമ്ബാടും 796 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായും 35 പേര്‍ മരിച്ചതായും ലാവ് അഗര്‍വാള്‍ അറിയിച്ചു. ഇതുവരെ രണ്ടുലക്ഷത്തിലധികം സാംപിളുകള്‍ പരിശോധിച്ചു. ചുരുങ്ങിയത് ആറാഴ്ചത്തേക്കുള്ള ടെസ്റ്റിങ് സാമഗ്രികള്‍ സ്‌റ്റോക്കുണ്ടെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.
അതേസമയം, ഇന്ന് 335 പേര്‍ക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചതോടെ രാജ്യത്ത് കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം അനൗദ്യോഗിക കണക്ക് പ്രകാരം 9546 ആയി. 1,154 പേര്‍ക്ക് രോഗം ഭേദമായി. നാലുപേര്‍ കൂടി മരിച്ചതോടെ മരണം 335 ആയി. മഹാരാഷ്ട്രയില്‍ രോഗം ബാധിച്ചവരുടെ എണ്ണം 2064 ആയി. ഇന്ന് 82 പേര്‍ക്കാണ് മഹാാരാഷ്ട്രയില്‍ പുതുതായി രോഗബാധ സ്ഥിരീകരിച്ചത്. ഇവിടെ മരണ സംഖ്യ 150 ആയി ഉയര്‍ന്നു. രോഗബാധിതരുടെ എണ്ണത്തില്‍ രണ്ടാംസ്ഥാനത്തുള്ള തമിഴ്‌നാട്ടില്‍ ഇന്ന് 98 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചതോടെ ആകെ രോഗികള്‍ 1173 ആയി.
ഡല്‍ഹിയില്‍ ഗംഗാറാം ആശുപത്രിയില്‍ ജോലി ചെയ്യുന്ന നഴ്‌സിന് രോഗബാധ സ്ഥിരീകരിച്ചു. നേരത്തെ ഇവിടെ രണ്ടു ആശുപത്രി ജീവനക്കാര്‍ക്കും രോഗബാധ കണ്ടെത്തിയിരുന്നു. ഡല്‍ഹി സാകേതിലെ മാക്‌സ് ആശുപത്രിയില്‍ ഡോക്ടര്‍ ഉള്‍പ്പടെ മൂന്നു പേര്‍ക്ക് രോഗ ബാധ സ്ഥിരീകരിച്ചു. ഡല്‍ഹി ഷഹീന്‍ബാഗിനടുത്തുള്ള സാക്കിര്‍ നഗറിലെ 18ാം നമ്ബര്‍ തെരുവ് കൊറോണ സോണായി പ്രഖ്യാപിച്ചു. നാഗാലാന്റില്‍ ഇന്നലെ ആദ്യത്തെ കൊറോണ വൈറസ് കേസ് സ്ഥിരീകരിച്ചു. അസം തലസ്ഥാനമായ ഗുവാഹത്തിയിലെ മെഡിക്കല്‍ കോളജിലാണ് ഇയാള്‍ ചികിത്സയിലുള്ളത്.