ശ്രീനഗര്‍: കശ്മീരില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ നടന്ന ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരരെ സൈന്യം വധിച്ചു. ജമ്മുകശ്മീരിലെ ഷോപ്പിയാനില്‍ ആണ് ഏറ്റുമുട്ടല്‍ നടന്നത്. സ്ഥലത്ത് ഏറ്റുമുട്ടല്‍ തുടരുകയാണെന്ന് കശ്മീര്‍ പോലീസ് ട്വിറ്ററില്‍ കുറിച്ചു.
ഷോപ്പിയാനിലെ റംമ്ബാന്‍ മേഖലയിലാണ് ഏറ്റുമുട്ടല്‍ നടക്കുന്നത്. ഇന്ന് രാവിലെയോടെയാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്. ഭീകരരുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്നാണ് സുരക്ഷാസേന റംമ്ബാന്‍ മേഖലയില്‍ തിരച്ചില്‍ നടത്തിയത്. നേരത്തെ ജമ്മു കാഷ്മീരിലെ പുല്‍വാമ ജില്ലയിലെ കങ്കന മേഖലയിലുണ്ടായ ഏറ്റുമുട്ടലില്‍ ജെയ്ഷ ഇ മുഹമ്മദിലെ മൂന്നു ഭീകരരെ സൈന്യം വധിച്ചിരുന്നു.
കഴിഞ്ഞ ദിവസം അതിര്‍ത്തിയില്‍ വീണ്ടും പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. ജമ്മു കാഷ്മീരിലെ പൂഞ്ചില്‍ ശനിയാഴ്ച രാത്രി എട്ടിനു യാതൊരു പ്രകോപനവും കൂടാതെയായിരുന്നു ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ ആക്രമണം ഉണ്ടായത്. പാക് വെടിവയ്പില്‍ ഇന്ത്യന്‍ സൈന്യത്തിന് യാതൊരു നാശനഷ്ടവും ഉണ്ടായില്ലെന്നും, ശക്തമായി തിരിച്ചടിച്ചുവെന്നും അധികൃതര്‍ അറിയിച്ചു.