അമേരിക്കയിലെ ലോസ് ആഞ്ചൽസിൽ കാട്ടുതീ പടർന്നതിന് കാലിഫോർണിയ ഗവർണർ ഗാവിൻ ന്യൂസോമിനെ കുറ്റപ്പെടുത്തി നിയുക്ത യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. ന്യൂസോം രാജി വെക്കണമെന്നും യുഎസിൻ്റെ ഏറ്റവും മികച്ചതും മനോഹരവുമായ ഭാഗങ്ങൾ ചാരമാക്കി മാറ്റിയത് ന്യൂസോമിൻ്റെ തെറ്റാണെന്നും ട്രൂത്ത് സോഷ്യലിൽ ട്രംപ് പറഞ്ഞു.

യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്കയിലെ ഏറ്റവും മികച്ചതും മനോഹരവുമായ ഒരു ഭാഗം നിന്ന് കത്തി ചാരമാകുകയാണ്. ഗാവിൻ ന്യൂസോം രാജിവയ്ക്കണം. ഇതെല്ലാം അയാളുടെ തെറ്റാണ്- ട്രംപ് ഒരു പോസ്റ്റിൽ പറഞ്ഞു. അധിക മഴയിൽ നിന്നും മഞ്ഞ് ഉരുകുന്നതിൽ നിന്നും ദശലക്ഷക്കണക്കിന് ഗാലൻ വെള്ളം നിലവിൽ കത്തുന്ന പ്രദേശങ്ങളിലേക്ക് ഒഴുകാൻ അനുവദിക്കുന്ന ജല പുനരുദ്ധാരണ പ്രഖ്യാപനത്തിൽ ഒപ്പുവെക്കാത്തതിന് ന്യൂസോമിനെ നേരത്തെ ട്രംപ് വിമർശിച്ചിരുന്നു.

സ്മെൽറ്റ് എന്ന് വിളിക്കപ്പെടുന്ന മൂല്യമില്ലാത്ത മത്സ്യത്തെ സംരക്ഷിക്കാൻ അദ്ദേഹം വെള്ളം നൽകി, എന്നാൽ കാലിഫോർണിയയിലെ ജനങ്ങളെ കാര്യമാക്കിയില്ലെന്നും ട്രംപ് കുറ്റപ്പെടുത്തി. ലോസ് ഏഞ്ചൽസ് കൗണ്ടിയിലുടനീളമുള്ള തീപിടുത്തം നിലവിലെ സംവിധാനത്തിന് താങ്ങാവുന്നതിനുമപ്പുറമാണെന്നാണ് റിപ്പോർട്ടുകൾ. നിരവധിപ്പേരാണ് മരിച്ചത്.