ലിസ്ബണ്‍: പോര്‍ച്ചുഗലിലെ പെനീഷെ നഗരത്തില്‍ നിന്ന് കാണാതായ ഒമ്ബത് വയസ്സുകാരിയുടെ മൃതദേഹം ചെടികളും ഇലകളും കൊണ്ട് ഒളിപ്പിച്ച നിലയില്‍ കണ്ടെത്തി.മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവില്‍ ഒരു വയലില്‍ നിന്നാണ് ഇക്കഴിഞ്ഞ ഏഴിന് കാണാതായ വാലന്റിന ഫോന്‍സെക എന്ന ഒന്‍പതുകാരിയുടെ മൃതദേഹം കണ്ടെത്തിയത്.സംഭവത്തില്‍ കുട്ടിയുടെ പിതാവിനെയും രണ്ടാനമ്മയെയും പോലീസ് കസ്റ്റഡിയില്‍ എടുത്തതായാണ് സൂചന.

അതേസമയം, കുട്ടിയെ കാണാതായ ദിവസം തന്നെ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. വാലന്റിനയെ കാണാതായെന്ന വാര്‍ത്ത പുറത്തുവന്നത് മേയ് ഏഴിനാണ്. അടുത്ത ദിവസം രാവിലെ പിതാവ് ഔദ്യോഗികമായി പരാതി നല്‍കി. പിന്നാലെ കുട്ടിയെ കണ്ടെത്താന്‍ വലിയ തോതില്‍ തിരച്ചില്‍ നടന്നു. മണിക്കൂറുകള്‍ നീണ്ട തിരച്ചിലിലാണ് ചെടികളും ഇലകളും കൊണ്ട് മറച്ച നിലയില്‍ കുട്ടിയുടെ മൃതദേഹം കണ്ടെടുത്തത്.

കാണാതായെന്ന പരാതി ലഭിച്ച സമയം മുതല്‍ അറുനൂറിലേറെ സിവില്‍ പ്രൊട്ടക്ഷന്‍ ഉദ്യോഗസ്ഥരാണ് കുട്ടിയെ കണ്ടെത്താനുള്ള തിരച്ചിലില്‍ പങ്കാളികളായത്.കൊലപാതകമാണെന്ന നിഗമനത്തിലാണ് പിതാവിനെയും രണ്ടാനമ്മയെയും പൊലീസ് പിടികൂടിയതെന്നാണ് റിപ്പോര്‍ട്ട്.

നേരത്തെ അമ്മയോടൊപ്പം കഴിഞ്ഞിരുന്ന വാലന്റിന ദിവസങ്ങള്‍ക്ക് മുമ്ബാണ് പിതാവിന്റെയും രണ്ടാനമ്മയുടെയും വീട്ടിലേക്ക് മാറിയത്.കുട്ടി അതിക്രമത്തിനിരയായെന്ന സംശയമുണ്ടെന്നുംപ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സംഭവത്തില്‍ വിശദമായ അന്വേഷണം തുടരുകയാണെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.