തിരുവനന്തപുരം: കുട്ടികളും മുതിര്‍ന്ന പൗരന്‍മാരും പൊതുസ്ഥലങ്ങളില്‍ സന്ദര്‍ശനം നടത്തുന്നത് ഒഴിവാക്കണമെന്ന് ഡിജിപി.

പത്തുവയസിന് താഴെയുള്ളവരും 65 വയസ്സിന് മുകളിലുള്ളവരും പൊതുസ്ഥലങ്ങളിലും കടകളിലും മറ്റും സന്ദര്‍ശനം നടത്തുന്നത് lock down നിര്‍ദ്ദേശങ്ങള്‍ക്ക് വിരുദ്ധമാണെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു. കുട്ടികളുമായി എത്തുന്നവരെ നിരുത്സാഹപ്പെടുത്താന്‍ കടയുടമകള്‍ തന്നെ മുന്നോട്ട് വരണം. ഇക്കാര്യത്തില്‍ സഹായവും ബോധവല്‍കരണവും നടത്തുന്നതിന് ജനമൈത്രി പോലീസ് സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കൂടാതെ, ജില്ലകള്‍ക്കുള്ളില്‍ കെഎസ്‌ആര്‍ടിസി സര്‍വ്വീസുകള്‍ ആരംഭിച്ച സാഹചര്യത്തില്‍ യാത്രക്കാര്‍ സാമൂഹിക അകലം പാലിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ ജില്ലാ പോലീസ് മേധാവിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായും അദ്ദേഹം പറഞ്ഞു. ബസില്‍ കയറാന്‍ ജനങ്ങള്‍ തിരക്ക് കൂട്ടുന്നത് ഒഴിവാക്കാനും പോലീസ് നടപടി സ്വീകരിക്കും.

വീടുകളിലും സ്ഥാപനങ്ങളിലും ക്വാറന്‍റെയ്നില്‍ കഴിയുന്നവര്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്നത് കണ്ടെത്താന്‍ രൂപീകരിച്ച മോട്ടോര്‍ സൈക്കിള്‍ ബ്രിഗേഡിയര്‍ സംവിധാനം കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കും. ഇത്തരം പരിശോധനകള്‍ക്കായി ജില്ലയില്‍ കുറഞ്ഞത് 25 സംഘങ്ങളെ വീതം നിയോഗിക്കാന്‍ ജില്ലാ പോലീസ് മേധാവിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഒപ്പം മുതിര്‍ന്ന പൗരന്‍മാരെ സന്ദര്‍ശിച്ച്‌ ക്ഷേമം അന്വേഷിക്കുക എന്നതും മോട്ടോര്‍ സൈക്കിള്‍ ബ്രിഗേഡിന്‍റെ പ്രധാന ചുമതലയാണ്.