വാഷിങ്​ടണ്‍: ലോകത്ത്​ ഏറ്റവും കൂടുതല്‍ കോവിഡ് കേസുകളും മരണങ്ങളും റിപ്പോര്‍ട്ട്​ ചെയ്​തത്​ അമേരിക്കയിലാവാനുള്ള കാരണം വ്യക്​തമാക്കി പ്രസിഡന്‍റ്​ ഡോണള്‍ഡ്​ ട്രംപ്​. കോവിഡ്​ വ്യാപനം അമേരിക്കയില്‍ ശക്​തമാകുന്നതിന്​ മുമ്ബ്​ തന്നെ കോവിഡ്​ ടെസ്​റ്റുകള്‍ രാജ്യത്ത്​ ചെയ്​തു തുടങ്ങിയിരുന്നതായി ട്രംപ്​ പറഞ്ഞു. രണ്ട്​ കോടിയോളം ടെസ്​റ്റുകളാണ്​ രാജ്യത്ത്​ നടത്തിയത്​. ‘കൂടുതല്‍ ടെസ്​റ്റുകള്‍ നടത്തിയത്​ കൊണ്ട്​ കൂടുതല്‍ കേസുകള്‍ കണ്ടെത്തി. അതാണ്​ സംഭവിച്ചത്’​. ഇതുപോലെ കൂടുതല്‍ ടെസ്​റ്റുകള്‍ നടത്തിയിരുന്നുവെങ്കില്‍ ഇന്ത്യയിലും ചൈനയിലും അമേരിക്കയേക്കാളേറെ കേസുകള്‍ റിപ്പോർട്ട്​ ചെയ്​തേനെ എന്നും ട്രംപ്​ അഭിപ്രായപ്പെട്ടു. വടക്ക്​ കിഴക്കൻ സംസ്ഥാനമായ മൈനിലെ മെഡിക്കൽ നിർമാണ ഫെസിലിറ്റിയിൽ വെച്ച്​ സംസാരിക്കുകയായിരുന്നു ട്രംപ്​.  ജർമനിയും ദക്ഷിണ കൊറിയയുമൊക്കെ യഥാക്രമം 40 ലക്ഷവും 30 ലക്ഷവും കോവിഡ്​ പരിശോധനകളാണ്​ നടത്തിയത്​.