കെ എം ഷാജിയെ സിപിഎം പിന്‍തുടര്‍ന്ന് വേട്ടയാടുകയാണെന്ന് പ്രതിപക്ഷ ഉപനേതാവ് ഡോക്ടര്‍ എം കെ മുനീര്‍. ഷാജിക്ക് പൂര്‍ണ പിന്തുണ നല്‍കുന്നു. മുസ്‍ലിം ലീഗില്‍ ഇക്കാര്യത്തില്‍ ഭിന്നാഭിപ്രായമില്ലെന്നും മുനീര്‍ വ്യക്തമാക്കി.
ഇ.ഡി അന്വേഷണത്തെ കുറിച്ചാണ് മുനീറിന്‍റെ പ്രതികരണം. ലീഗ് നേതാക്കള്‍ക്ക് എതിരെയുള്ള കേസുകള്‍ മാത്രം സര്‍ക്കാര്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് കൈമാറുകയാണെന്ന് മുനീര്‍ കുറ്റപ്പെടുത്തി.
കണ്ണൂര്‍ അഴീക്കോട് സ്കൂളില്‍ പ്ലസ് ടു ബാച്ച് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് കെ.എം ഷാജി കോഴ വാങ്ങിയെന്ന പരാതിയാണ് അന്വേഷണം. എംഎല്‍എയുടെ വീട്ടില്‍ കോര്‍പറേഷന്‍ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ അനുവദിച്ചതിലും കൂടുതല്‍ അളവില്‍ നിര്‍മാണവും കണ്ടെത്തി. എന്നാല്‍ വീട് പൊളിച്ച് നീക്കേണ്ടിവരില്ലെന്ന് കോഴിക്കോട് കോര്‍പറേഷന്‍ അറിയിച്ചു. പുതുക്കിയ പ്ലാന്‍ നല്‍കി, പിഴ അടച്ചാല്‍ അനധികൃത നിര്‍മാണം ക്രമപ്പെടുത്താനാകുമെന്ന് കോര്‍പറേഷന്‍ സെക്രട്ടറി ബിനു ഫ്രാന്‍സിസ് പറഞ്ഞു.