കണ്ണൂര്‍ : കെ.എസ്.ആര്‍.ടി.സി ബസിന്റെ വഴിമുടക്കിയ ബൈക്ക് യാത്രക്കാരന് മോട്ടോര്‍ വാഹന വകുപ്പ് ഈടാക്കിയത് കനത്ത പിഴ. 10,500 രൂപയാണ് ഇരുചക്ര യാത്രികനില്‍ നിന്നും പിഴ ഈടാക്കിയത്. സോഷ്യല്‍ മീഡിയില്‍ വൈറലായ വീഡിയോയാണ് നിയമ ലംഘനത്തിന് തെളിവായത്.കണ്ണൂരില്‍ നിന്ന് കാസര്‍കോട്ടേക്ക് പോവുകയായിരുന്ന കെ.എസ്.ആര്‍.ടി.സി ബസിന് മുന്നിലാണ് ഒരാള്‍ ബൈക്കുമായി വഴിമുടക്കിയത്.

ഇക്കഴിഞ്ഞ 26നായിരുന്നു സംഭവം നടന്നത്. പയ്യന്നൂര്‍ പെരുമ്പ മുതല്‍ വെളളൂര്‍ വരെയുളള അഞ്ച് കിലോമീറ്ററോളം ദൂരം ഇയാള്‍ ബസിന് സൈഡ് കൊടുത്തില്ല. ബസിലുള്ള ഒരു യാത്രക്കാരനാണ് സംഭവം മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തിയത്.
തുടര്‍ന്ന് കെ.എസ്.ആര്‍.ടി.സി എ.ടി.ഒ ആര്‍.ടി.ഒയ്ക്ക് പരാതി നല്‍കുകയായിരുന്നു.പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പയ്യന്നൂര്‍ കോത്തായിമുക്കിലെ പ്രവീണാണ് ബൈക്ക് യാത്രക്കാരനെന്ന് കണ്ടെത്തിയത്. ഇതോടെ ഇയാളെ ഓഫീസിലേക്ക് വിളിച്ചു വരുത്തി 10,500 രൂപ പിഴ ഈടാക്കി താക്കീത് ചെയ്ത് വിട്ടയച്ചു. കഴിഞ്ഞ ദിവസം പ്രവര്‍ത്തനം തുടങ്ങിയ പയ്യന്നൂര്‍ സബ് ആര്‍.ടി ഓഫീസില്‍ രജിസ്റ്റര്‍ ചെയ്ത ആദ്യത്തെ കേസ് കൂടിയാണിത്.