വ്യത്യസ്തമായ ആളുകളും കാഴ്‌ചകളുമാണ് യാത്രകളെ മനോഹരമാക്കുന്നത്. ഓരോ സ്ഥലങ്ങളും സഞ്ചാരികൾക്കായി കാത്തുവച്ചിരിക്കുന്നത് വ്യത്യസ്തങ്ങളായ അനുഭവങ്ങളായിരിക്കും. അത്തരത്തിൽ തന്നെ മാറ്റിമറിച്ച ഇന്ത്യയിലെ യാത്രാനുഭവങ്ങളെ കുറിച്ച് സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിരിക്കുകയാണ് ജാപ്പനീസ് വ്ളോഗറായ ടാപ്പി. യാത്ര തുടങ്ങുന്നതിന് മുൻപ് ഏറ്റവും കുഴപ്പംപിടിച്ച രാജ്യമായിട്ടായിരുന്നു ഇന്ത്യയെ ടാപ്പി വിശേഷിപ്പിച്ചത്. എന്നാൽ ഇന്ത്യയിലെത്തി ദിവസങ്ങൾ പിന്നിട്ട ശേഷം തനിക്കുണ്ടായ അവിശ്വസനീയമായ മാറ്റങ്ങളാണ് അവർ പങ്കുവച്ചത്.

ഇന്ത്യയിൽ ഞാൻ എന്നെത്തന്നെ കണ്ടെത്തി. ഇന്ത്യ ഏറ്റവും കുഴപ്പംപിടിച്ച രാജ്യങ്ങളിൽ ഒന്നെന്നായിരുന്നു ഞാൻ കരുതിയിരുന്നത്. എന്നാൽ എന്റെ ധാരണകൾ എല്ലാം തകർന്നടിഞ്ഞു. വികാരങ്ങളാൽ സമ്പന്നരായ ഇന്ത്യക്കാരോടൊപ്പം ഞാൻ താമസിച്ചു. ഞാനും എന്റെ വികാരങ്ങൾ തുറന്ന് പ്രകടിപ്പിക്കാൻ തുടങ്ങി. സന്തോഷത്തിനും സങ്കടത്തിനും പുറമേ, ഞാൻ മറച്ചുവെച്ച ദേഷ്യം പോലും പ്രകടിപ്പിച്ചു. എനിക്ക് ഒരു പുതിയ ‘എന്നെ’ കണ്ടുമുട്ടാൻ കഴിഞ്ഞു. മുൻപ് ഞാൻ എന്റെ വികാരങ്ങൾ പ്രകടിപ്പിക്കാൻ മടിച്ചിരുന്നു. മറ്റുള്ളവർ എന്ത് ചിന്തിക്കുമെന്നാണ് കരുതിയിരുന്നത്. എന്നാൽ ഇപ്പോൾ അങ്ങനെയല്ല. എന്റെ കംഫർട്ട് സോണിൽ നിന്നും ഞാൻ പുറത്ത് കടന്നു,” ‘ടാപ്പി ട്രാവൽ’ എന്ന തന്റെ ഇൻസ്റ്റാഗ്രാം പേജിൽ പങ്കിട്ട വീഡിയോ ക്ലിപ്പിൽ ടാപ്പി പറഞ്ഞു.

ഈ മാസം ആദ്യം പങ്കുവച്ച വീഡിയോ 2 ലക്ഷത്തിലധികം പേരാണ് ഇതിനോടകം കണ്ടിരിക്കുന്നത്. ഇന്ത്യക്കാരും വിദേശികളുമുൾപ്പെടയുള്ളവർ വീഡിയോയ്‌ക്ക് താഴെ പോസിറ്റിവ് കമന്റുകളുമായെത്തി. ചിലർ ഇന്ത്യയിലെ വ്യത്യസ്തമായ ഭക്ഷണ രീതികളെ കുറിച്ച് പരാമർശിച്ചപ്പോൾ മറ്റുചിലർ മനോഹരമായ സ്ഥലങ്ങളെക്കുറിച്ച് വാചാലരായി.