ചലച്ചിത്ര ആസ്വാദകര്‍ക്കിടയില്‍ ശ്രദ്ധ ആകര്‍ഷിക്കുകയാണ് അക്ഷയ് കുമാര്‍ നായകനായെത്തുന്ന പുതിയ ചിത്രത്തിന്റെ ട്രെയ്‌ലര്‍. ലക്ഷ്മി ബോംബ് എന്നാണ് ചിത്രത്തിന്റെ പേര്. കഥാപാത്രത്തിനു വേണ്ടിയുള്ള അക്ഷയ് കുമാറിന്റെ വേഷപ്പകര്‍ച്ചയും അഭിനയ മികവുമാണ് ട്രെയ്‌ലറിനെ കൂടുതല്‍ മികച്ചതാക്കുന്നത്.

കിയാര അദ്വാനിയാണ് ചിത്രത്തില്‍ നായികാ കഥാപാത്രമായെത്തുന്നത്. കൊവിഡ് പശ്ചാത്തലത്തില്‍ തിയേറ്ററുകള്‍ അടഞ്ഞു കിടക്കുന്ന സാഹചര്യമായതിനാല്‍ സിനിമയുടെ റിലീസ് ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിലൂടെയായിരിക്കും. ഹോട്‌സ്റ്റാറിലൂടെ നവംബര്‍ 9 നാണ് ലക്ഷ്മി ബോംബിന്റെ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്.

രാഘവാ ലോറന്‍സ് ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. ശ്രദ്ധേയമായ തമിഴ് ചിത്രം കാഞ്ചനയുടെ ഹിന്ദി റീമേക്കാണ് ലക്ഷ്മി ബോംബ്. കാഞ്ചനയില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചതും സംവിധായകന്‍ രാഘവാ ലോറന്‍സ് ആയിരുന്നു. ഏഴ് കോടി നിര്‍മാണ ചെലവില്‍ ഒരുക്കിയ കാഞ്ചന മികച്ച ബോക്‌സ് ഓഫീസ് കളക്ഷനും നേടിയിരുന്നു.