കൊച്ചി : കേരളത്തില്‍ താഴെ തട്ടിലുള്ള ഫുട്ബോള്‍ വികസനവും വിപുലീകരണവും ലക്ഷ്യമിട്ട് കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ ഗ്രാസ്റൂട്ട്-യൂത്ത് ഡെവലപ്മെന്റ് സംരംഭമായ യങ് ബ്ലാസ്റ്റേഴ്സ്, ഇന്ത്യയില്‍ അതിവേഗം വളരുന്ന സ്പോര്‍ട്സ് സെന്റര്‍ ശൃംഖലയായ സ്പോര്‍ട്ഹുഡുമായി കൈകോര്‍ക്കുന്നു. സംസ്ഥാനത്തുടനീളമുള്ള യുവ പ്രതിഭകള്‍ക്ക് ഗുണനിലവാരമുള്ള ഫുട്ബോള്‍ അടിസ്ഥാന സൗകര്യങ്ങള്‍ വിഭാവനം ചെയ്യുന്നതിനായി സ്പോര്‍ട്ഹുഡുമായുള്ള അഞ്ചു വര്‍ഷത്തെ പങ്കാളിത്ത കരാര്‍ അഭിമാനപുരസരം പ്രഖ്യാപിക്കുന്നതായി ക്ലബ്ബ് മാനേജ്മെന്റ് അറിയിച്ചു. ഫുട്ബോളിലെ മികച്ച കരിയറിന് വഴിയൊരുക്കുന്ന, നിലവാരമുള്ളതും ശാസ്ത്രീയവും യോജിച്ച രൂപത്തിലുമുള്ള കെബിഎഫ്സി ശൈലി ഫുട്ബോള്‍ പരിശീലനം, കേരളത്തിലുടനീളം വ്യാപിപ്പിക്കുകയെന്ന ക്ലബ്ബിന്റെ കാഴ്ച്ചപ്പാടിന്റെ ഭാഗമായാണ് പുതിയ പങ്കാളിത്തം.
കേരളത്തിലെ വിവിധ അക്കാദമികളും സെന്ററുകളും കേന്ദ്രീകരിച്ച് ക്ലബ് ആരംഭിച്ച യങ് ബ്ലാസ്റ്റേഴ്സ് പ്രോഗ്രാം, ഉയര്‍ന്ന നിലവാരത്തിലുള്ള പരിശീലനവും പ്രതിബദ്ധതയും കൊണ്ട്, രക്ഷിതാക്കളില്‍ നിന്നും ഫുട്ബോള്‍ പ്രേമികളില്‍ നിന്നും മികച്ച സ്വീകാര്യത നേടിയിരുന്നു. ഓണ്‍ലൈന്‍ കോച്ചിങ് ക്ലാസുകളും, ഗ്രാസ്റൂട്ട് മൈതാന പരിശീലനവും, മുതിര്‍ന്നവര്‍ക്കുള്ള ഫുട്ബോള്‍ പരിശീലന പരിപാടികളും എളുപ്പത്തില്‍ ബുക്ക് ചെയ്യാന്‍ സാധ്യമാക്കുന്ന ഉപഭോക്തൃ സൗഹൃദ വെബ്സൈറ്റും മൊബൈല്‍ ആപ്ലിക്കേഷനും വഴി, കായിക പ്രേമികള്‍ക്കിടയില്‍ പങ്കാളിത്തം മെച്ചപ്പെടുത്താനാണ് മറുവശത്ത് സ്പോര്‍ട്സ്ഹുഡും ലക്ഷ്യമിടുന്നത്.
കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നുള്ള 5-15 പ്രായവിഭാഗത്തിലുള്ള വലിയൊരു വിഭാഗം യുവ ഫുട്ബോള്‍ പ്രതിഭകളിലേക്ക് എത്തിച്ചേരാനും, ഓണ്‍ലൈനായും മൈതാനം വഴിയും നിലവാരവും ചിട്ടയുമുള്ള അടിസ്ഥാന ഫുട്ബോള്‍ സൗകര്യങ്ങള്‍ നല്‍കാനും, ഇരു സ്ഥാപനങ്ങളുടെയും കരുത്ത് സംയോജിപ്പിക്കുകയാണ് പങ്കാളിത്തം വഴി ലക്ഷ്യമിടുന്നത്. അടിസ്ഥാന സൗകര്യങ്ങളുടെ ആവശ്യകതയുമായി പൊരുത്തപ്പെടുന്ന ഫുട്ബോള്‍ കേന്ദ്രങ്ങളില്‍ നടക്കുന്ന പ്രോഗ്രാം ഇനി യങ് ബ്ലാസ്റ്റേഴ്സ്-സ്പോര്‍ട്ഹുഡ് അക്കാദമി എന്നായിരിക്കും അറിയപ്പെടുക. ഈ അക്കാദമികള്‍ വഴി, കെബിഎഫ്സി അംഗീകരിച്ച് വിദഗ്ധര്‍ സമയാസമയങ്ങളില്‍ അവലോകനം ചെയ്ത് കൃത്യപരിശോധന ഉറപ്പാക്കിയ, പ്രകടന പരിശീലന പാഠ്യപദ്ധതി കുട്ടികള്‍ക്ക് നല്‍കും. നിലവിലെ മഹാമാരി പശ്ചാത്തലത്തില്‍ ഓണ്‍ലൈന്‍ ഓഡിയോ, വീഡിയോ വഴിയുള്ള പരിശീലനമാണ് യുവപ്രതിഭകള്‍ക്ക് നല്‍കുന്നത്.