തിരുവനന്തപുരം: കേരളത്തിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നവരുടെ പാസ്സുകള്‍ക്കുള്ള അപേക്ഷ കൂട്ടത്തോടെ തള്ളി തമിഴ്നാട്. തിരികെ നാട്ടിലേക്ക് വരാന്‍ തമിഴ്നാടിന്‍റെ വെബ്സൈറ്റില്‍ റജിസ്റ്റര്‍ ചെയ്ത നിരവധിപ്പേര്‍ക്ക് പാസ്സ് ലഭിച്ചില്ല . പാസ്സ് നല്‍കാനാകില്ലെന്നും, അപേക്ഷ തള്ളിയതായും അറിയിച്ചുകൊണ്ട് തമിഴ്‍നാട് പോലീസ് നിരവധി പേര്‍ക്ക് സന്ദേശം അയച്ചു . കേരളത്തിന്‍റെ പാസ്സ് ലഭിച്ചിട്ടും, കൃത്യമായിത്തന്നെ, തെറ്റുകളില്ലാതെ എല്ലാ വിവരങ്ങളോടും കൂടി അപേക്ഷ സമര്‍പ്പിച്ചിട്ടും തമിഴ്നാട് വ്യാപകമായി പാസ്സ് അപേക്ഷ തള്ളുകയാണ്.

ഞായറാഴ്ച്ച കേരളത്തിന്റെയും തമിഴ്നാടിന്റെയും ഡിജിപിമാര്‍ തമ്മില്‍ കൂടിക്കാഴ്ച്ച നടത്തിയിരുന്നു. ഈ ചര്‍ച്ചയില്‍ കേരളത്തിന്റെ പാസ് ലഭിച്ചശേഷം മാത്രമെ തമിഴ്നാടിന്റെ പാസിന് അപേക്ഷിക്കാവൂ എന്ന നിര്‍ദേശം ഉണ്ടായിരുന്നു. ഇതാണ് തമിഴ്നാട് പാസിന് അപേക്ഷിച്ചരുന്നവര്‍ക്ക് തിരിച്ചടിയായത്. ആയിരക്കണക്കിന് മലയാളികളാണ് ഇതുമൂലം നാട്ടിലേക്ക് വരാനാകാതെ കുടുങ്ങിക്കിടക്കുന്നത് . തമിഴ്നാട്ടില്‍ രോഗവ്യാപനം കുത്തനെ കൂടിയതോടെ സംസ്ഥാനത്ത് കനത്ത യാത്രാ നിയന്ത്രണമാണ് ഏര്‍പ്പെടുത്തുന്നത്.