ഡല്‍ഹിയില്‍ നിന്നുള്ള ആദ്യ സ്പെഷ്യല്‍ ട്രെയിന്‍ എത്തിയ ഏഴ് പേര്‍ക്ക് രോഗലക്ഷണം. ഇന്ന് രാവിലെ തിരുവനന്തപുരത്ത് എത്തിയ രാജധാനി സൂപ്പര്‍ ഫാസ്റ്റ് സ്പെഷല്‍ ട്രെയിന്‍ യാത്ര ചെയ്തവര്‍ക്കാണ് രോഗലക്ഷണം കണ്ടെത്തിയത്. കേരളത്തില്‍ കോഴിക്കോടും കൊച്ചിയിലുമായിരുന്നു സ്റ്റോപ്പ് അനുവദിച്ചിരുന്നത്. ഇതില്‍ കോഴിക്കോട് ഇറങ്ങിയ ആറ് പേര്‍ക്കും തിരുവനന്തപുരത്ത് ഇറങ്ങിയ ഒരാള്‍ക്കുമാണ് കൊവിഡ് രോഗലക്ഷണം കണ്ടെത്തിയത്. ഇവരില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്കും തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലേക്കും മാറ്റി.

കോഴിക്കോട് 216 പേരും എറണാകുളത്ത് 269 പേരും തിരുവനന്തപുരത്ത് 602 പേരുമാണ് ട്രെയിനില്‍ എത്തിയത്. ആകെ 1100 പേരാണ് ട്രെയിനില്‍ യാത്ര ചെയ്തത്. ഒരു എസി ഫസ്റ്റ് ക്ലാസ്, 5 സെക്കന്‍ഡ് എസി, 11 തേര്‍ഡ് എസി കോച്ചുകളാണ് ഉണ്ടായിരുന്നത്. കോഴിക്കോട് ഇന്നലെ രാത്രി പത്തു മണിക്ക് എത്തിയ ട്രെയിന്‍ ഇന്ന് രാവിലെ 1.40 ന് എറണാകുളം സൗത്തിലും അഞ്ചേകാലോടെ തിരുവനന്തപുരത്തും എത്തി.

ട്രെയിനില്‍ എത്തിയ യാത്രക്കാരെ പരിശോധനയ്ക്ക് ശേഷമാണ് വീടുകളിലേക്ക് പോകാന്‍ അനുവദിച്ചത്. രോഗലക്ഷണം ഇല്ലാത്തവര്‍ 14 ദിവസത്തെ നിര്‍ബന്ധിത ഹോം ക്വാറന്റൈനില്‍ ആയിരിക്കണം. ഇതിനുള്ള സൗകര്യം ഇല്ലാത്തവര്‍ക്കും പാസ് ഇല്ലാതെ വരുന്നവര്‍ക്കും ഇന്‍സ്റ്റിറ്റ്യൂഷനല്‍ ക്വാറന്റൈന്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്. യാത്രക്കാരെ വീടുകളിലേക്ക് കൊണ്ട് പോകാന്‍ വരുന്ന ഡ്രൈവര്‍മാര്‍ ഹോം ക്വാറന്റൈന്‍ പാലിക്കണമെന്നും വ്യക്തമാക്കിയിട്ടുണ്ട്.