തിരുവനന്തപുരം: കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ടെങ്കിലും കേരളത്തില്‍ നിലവിലെ നിയന്ത്രണങ്ങള്‍ തുടരും. സ്‌കൂളുകള്‍ തുറക്കില്ല. തിയേറ്ററുകളും തുറക്കില്ല. തിയേറ്ററുകള്‍ 50 ശതമാനം തുറക്കാമെന്നും സ്‌കൂളുകള്‍ തുറക്കുന്നത് സംബന്ധിച്ച്‌ ഒക്ടോബര്‍ 15ന് ശേഷം സംസ്ഥാനങ്ങള്‍ക്ക് തീരുമാനം എടുക്കാമെന്നും കഴിഞ്ഞദിവസം കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചിരുന്നു.

എന്നാല്‍ കേരളത്തില്‍ നിലവില്‍ ഇളവ് നല്‍കേണ്ട എന്നാണ് സര്‍ക്കാര്‍ തീരുമാനം. സംസ്ഥാനത്ത് സൂപ്പര്‍ സ്‌പ്രെഡിന് സാധ്യതയുണ്ട് എന്ന ആശങ്ക നിലനില്‍ക്കുന്ന സാഹചര്യത്തിലാണിത്. വിവാഹങ്ങള്‍ക്കും മതചടങ്ങുകള്‍ക്കും നൂറ് പേരെ വരെ അനുവദിക്കാമെന്ന് കേന്ദ്രം അറിയിച്ചിട്ടുണ്ട്. എന്നാല്‍ കേരളത്തില്‍ ഈ ഇളവ് നല്‍കില്ല. നിലവിലെ നിയന്ത്രണങ്ങളെല്ലാം തുടരും. വിവാഹത്തിന് 50 പേരെയും മരണാനന്തര ചടങ്ങുകള്‍ക്ക് 20 പേരെയും പങ്കെടുപ്പിക്കാമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചത്.

അതേസമയം, കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി സംസ്ഥാനത്ത് സര്‍ക്കാര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. അഞ്ചില്‍ കൂടുതല്‍ പേര്‍ ഒരുമിച്ച്‌ ചേരാന്‍ പാടില്ല. ദുരന്തനിവാരണ നിയമ പ്രകാരമാണ് ഉത്തരവ്. ശനിയാഴ്ച രാവിലെ ഒമ്പത് മണി മുതല്‍ ഒരു മാസത്തേക്കാണ് ആള്‍ക്കൂട്ടങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. കൊറോണ നിയന്ത്രിക്കാന്‍ സാധിക്കാത്ത വിധം വ്യാപിക്കുകയാണ്.

വ്യാഴാഴ്ച 8000ത്തിലധികം പേര്‍ക്കാണ് രോഗം ബാധിച്ചത്. കഴിഞ്ഞ കുറച്ച്‌ ദിവസങ്ങളായി 5000ത്തിലധികം പേര്‍ക്ക് രോഗം ബാധിക്കുകയാണ്. ഇനിയും രോഗം വ്യാപിക്കുമെന്നാണ് പ്രചവചനങ്ങള്‍. പ്രാദേശിക സാഹചര്യങ്ങള്‍ വിലയിരുത്തി ജില്ലാ കളക്ടര്‍മാര്‍ക്ക് ആവശ്യമുള്ള അധിക നടപടികള്‍ എടുക്കാമെന്നും സര്‍ക്കാര്‍ നിര്‍ദേശിച്ചു. കണ്ടെയ്ന്‍മെന്റ് സോണിലും രോഗ വ്യാപനമുള്ള പ്രദേശങ്ങളിലും കടുത്ത നിയന്ത്രണം തുടരാനാണ് തീരുമാനം.