കോട്ടയം∙ജോസ് കെ. മാണിയുടെ നേതൃത്വത്തില്‍ കേരളാ കോണ്‍ഗ്രസ് (എം) ഇടതുപാളയത്തില്‍. എല്‍ഡിഎഫുമായി സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചെന്നും താൻ രാജ്യസഭാ എംപി സ്ഥാനം രാജി വയ്ക്കുമെന്നും പാര്‍ട്ടി ചെയര്മാന് ജോസ് കെ. മാണി പ്രഖ്യാപിച്ചു. കേരള രാഷ്ട്രീയത്തിൽ ഗതിനിർണയിക്കുന്ന മാറ്റമെന്നും ജോസ് കെ. മാണി. ഉപാധികളൊന്നും മുന്നോട്ടു വയ്ക്കുന്നില്ല. എൽഡിഎഫുമായി ചർച്ച നടത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
മതേതര നിലപാട് കാത്തുസൂക്ഷിക്കുന്നത് ഇടതുമുന്നണിയാണെന്ന് ജോസ് കെ. മാണി പറഞ്ഞു. കോൺഗ്രസിലെ ചിലരിൽനിന്ന് കേരള കോൺഗ്രസ് കടുത്ത അനീതി നേരിട്ടു. യുഡിഎഫ് പുറത്താക്കിയതിനുശേഷം സ്വതന്ത്ര നിലപാടാണു സ്വീകരിച്ചത്. പി.ജെ. ജോസഫ് നീചമായ വ്യക്തിഹത്യ ചെയ്തു. 38 വർഷം യുഡിഎഫിന്റെ ഉയർച്ചയിലും താഴ്ചയിലും കെ.എം.മാണി ഭാഗമായിരുന്നു. മാണിയുടെ രാഷ്ട്രീയത്തെയും ഒപ്പം നിന്നവരെയും യുഡിഎഫ് അപമാനിച്ചുവെന്നും ജോസ് കെ. മാണി പറഞ്ഞു.
38 വര്‍ഷം യുഡിഎഫിന് ഒപ്പം നിന്ന കെ.എം. മാണിയെയും ഒരു ജനവിഭാഗത്തെയും അപമാനിക്കുകയാണ് ചെയ്തത്. പല തവണ പരാതി പറഞ്ഞിട്ടും കോണ്‍ഗ്രസ് നേതൃത്വം ചര്‍ച്ചയ്ക്കു പോലും വിളിച്ചില്ല. ചില നേതാക്കളുടെ ഭാഗത്തുനിന്ന് കടുത്ത അനീതിയാണ് ഉണ്ടായത്. പി.ജെ. ജോസഫ് നീചമായ വ്യക്തിഹത്യ നടത്തി. കെ.എം. മാണി രോഗബാധിതനായതോടെ ലോക്സഭാ സീറ്റ് ആവശ്യപ്പെട്ടു. പാര്‍ട്ടിയെ ഹൈജാക്ക് ചെയ്യാന്‍ പി.ജെ ജോസഫിന് കോണ്‍ഗ്രസ് നേതാക്കള്‍ മൗന പിന്തുണ നല്കി. മാണിയുടെ പാർട്ടിയെ ഇല്ലാതാക്കുകയെന്നതാണ് അവരുടെ അജൻഡ. ആത്മാഭിമാനം അടിയറ വയ്ക്കില്ലെന്നും ജോസ് കെ. മാണി കൂട്ടിച്ചേർത്തു. രാവിലെ ജോസ് കെ. മാണിയുടെ നേതൃത്വത്തില്‍ നേതാക്കള്‍ കെ.എം. മാണിയുടെ കല്ലറയിലെത്തി പ്രാര്‍ഥിച്ചിരുന്നു.
1979 ല്‍ പി.ജെ ജോസഫുമായി പിരിഞ്ഞ് ഇടതു മുന്നണിയിലെത്തിയ പിതാവ് കെ.എം.മാണിയുടെ പാത പിന്തുടര്ന്നാണ് നാല് പതിറ്റാണ്ടിനിപ്പുറം ജോസ് കെ. മാണിയും ഇടതുചേരിയില്‍ എത്തിയിരിക്കുന്നത്.
കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പദവി ജോസഫ് വിഭാഗത്തിനു വിട്ടുകൊടുക്കാമെന്ന ധാരണ പാലിച്ചില്ലെന്ന് ആരോപിച്ച് ജോസ് വിഭാഗത്തിനെതിരെ യുഡിഎഫ് നടപടി സ്വീകരിച്ചതോടെയാണ് വഴിപിരിയലിനു കളമൊരുങ്ങിയത്. ജൂലൈ 29 നാണ് ജോസ് പക്ഷത്തെ യുഡിഎഫില്‍നിന്ന് ഒഴിവാക്കിയെന്ന് മുന്നണി കൺവീനർ ബെന്നി ബഹനാൻ അറിയിച്ചത്. നൂറു ദിവസത്തിനുള്ളില്‍ ജോസ് വിഭാഗം ഇടതുചേരിയിലേക്കു ചേക്കേറുകയായിരുന്നു.
കേരളാ കോണ്‍ഗ്രസിന്റെ ജന്മദിനത്തില് കോട്ടയത്തു ചേര്‍ന്ന സ്റ്റിയറിങ് കമ്മിറ്റി യോഗത്തില്‍ ഇടതുമുന്നണിയിൽ ചേക്കേറാൻ പച്ചക്കൊടി കാട്ടിയിരുന്നു. തുടര്‍ന്നു തദ്ദേശ തിരഞ്ഞെടുപ്പിലെയും നിയമസഭാ തിരഞ്ഞെടുപ്പിലെയും സീറ്റുകൾ സംബന്ധിച്ചു ധാരണയായതോടെയാണ് എല്‍ഡിഎഫുമായി സഹകരിക്കാനുള്ള തീരുമാനം ജോസ് കെ. മാണി പ്രഖ്യാപിച്ചത്.
കേരളാ കോണ്‍ഗ്രസിന്റെ മുന്നണി പ്രവേശനത്തെ സിപിഐ എതിര്‍ത്തിരുന്നെങ്കിലും മുഖ്യമന്ത്രി പിണറായി വിജയൻ ഉള്‍പ്പെടെയുള്ളവര്‍ അനുകൂല നിലപാടെടുത്തതോടെ നീക്കം എളുപ്പമായി. നിലവില്‍, ആര്. ബാലകൃഷ്ണപിള്ള നയിക്കുന്ന കേരളാ കോണ്‍ഗ്രസും സ്കറിയാ തോമസ് വിഭാഗവും എല്‍ഡിഎഫിനൊപ്പമാണ്. തദ്ദേശ തിരഞ്ഞെടുപ്പിനു മുമ്പ് ജോസ് പക്ഷത്തെക്കൂടി ഒപ്പം ചേര്‍ക്കുന്നത് നേട്ടമാകുമെന്നാണ് സിപിഎം നേതൃത്വത്തിന്റെ വിലയിരുത്തല്‍.