കൊച്ചി: ആദ്യ രണ്ട് വിമാനങ്ങളില്‍ കേരളത്തിലെത്തിയ പ്രവാസികളെ പരിശോധനകള്‍ പൂര്‍ത്തിയാക്കിയ ശേഷം മുന്‍ കൂട്ടി നിശ്ചയിച്ച ക്വാറന്റൈന് കേന്ദ്രങ്ങളിലേക്ക് മാറ്റി. രോഗ ലക്ഷണങ്ങള്‍ പ്രകടമാക്കിയതിനെ തുടര്‍ന്ന് എട്ടുപേരെ ആശുപത്രിയിലേക്കും മാറ്റി. കൊച്ചി വിമാനത്താവളത്തിലെത്തിയ അഞ്ചുപേരെയും കരിപ്പൂരിലെത്തിയ മൂന്നുപേരെയുമാണ് ഐസൊലേഷനില്‍ പ്രവേശിപ്പിച്ചത്. കൊച്ചിയിലെത്തിയവരെ കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കും കരിപ്പൂരില്‍ എത്തിയവരില്‍ ഒരാളെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും മറ്റു രണ്ടു പേരെ മഞ്ചേരി മെഡിക്കല്‍ കോളജിലേക്കുമാണ് മാറ്റിയത്.
182 യാത്രക്കാരുമായാണ് ദുബായില്‍ നിന്നും വിമാനം കരിപ്പൂരില്‍ എത്തിയത്. ആദ്യം നിശ്ചയിച്ചിരുന്നത് പ്രകാരം 189 യാത്രക്കാരുമായി വിമാനം എത്തുമെന്നായിരുന്നു. എന്നാല്‍, പിന്നീട് 182 യാത്രക്കാരെ ഉള്‍പ്പെടുത്തി വിമാനം യാത്ര തിരിക്കുകയായിരുന്നു. ഇതില്‍ 177 പേര് മുതിര്‍ന്നവരും അഞ്ച് പേര് കുഞ്ഞുങ്ങളുമാണ്. കര്‍ശനമായ സുരക്ഷാ ക്രമീകരണങ്ങളാണ് വിമാനത്താവളത്തില്‍ ഒരുക്കിയിരിക്കുന്നത്.
അബുദാബിയില്‍നിന്നും 181 യാത്രക്കാരുമായി എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനമാണ് കൊച്ചിയിലെത്തിയത്. വ്യാഴാഴ്ച രാത്രി 10.08നാണ് വിമാനം കൊച്ചിയുടെ മണ്ണിലിറങ്ങിയത്.യാത്രക്കാരില്‍ 49 ഗര്‍ഭിണികളും നാലു കുട്ടികളുമാണ് ഉണ്ടായിരുന്നത്.