റിയാദ്: ഒരു മാസം പ്രായമായ കുഞ്ഞിന് എക്സിറ്റ് റീഎന്‍ട്രി വിസയില്ലാത്തതിനാല്‍ ബുറൈദയില്‍ നിന്നെത്തിയ നഴ്സിന് യാത്രാനടപടികള്‍ ആദ്യം തടസ്സപ്പെട്ടു. ആരോഗ്യമന്ത്രാലയത്തിെന്റ കീഴില്‍ ഉനൈസയിലെ ആശുപത്രിയില്‍ സ്റ്റാഫ് നഴ്സായ കോട്ടയം സ്വദേശിനി സനിലക്കാണ് ചൊവ്വാഴ്ച ഉച്ചക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ കോഴിക്കോട് വിമാനത്തില്‍ യാത്രമുടങ്ങുന്ന ഘട്ടമെത്തിയത്. ഒരു മാസം മുമ്ബ് മാത്രം പ്രസവിച്ച അവര്‍ കൈക്കുഞ്ഞുമായി നാട്ടിലേക്ക് പോവുകയായിരുന്നു. ഭര്‍ത്താവ് നാട്ടിലാണ്. കുഞ്ഞിന് പാസ്പോര്‍ട്ട് എടുത്തെങ്കിലും റീഎന്‍ട്രി വിസയെടുത്തിരുന്നില്ല.
കൈക്കുഞ്ഞായതിനാല് റിയാദ് എയര്‍പോര്‍ട്ടില്‍നിന്നുതന്നെ വിസ നടപടികള്‍ പൂര്‍ത്തീകരിക്കും എന്നായിരുന്നത്രെ ആശുപത്രിയധികൃതര്‍ പറഞ്ഞത്. അതു വിശ്വസിച്ച് 450 കിലോമീറ്റര്‍ താണ്ടി റിയാദ് എയര്‍പോര്‍ട്ടിലെത്തിയപ്പോഴാണ് കുഞ്ഞിന് വിസയില്ലാതെ യാത്ര നടക്കില്ലെന്ന് മനസ്സിലായത്.
വിഷയമറിഞ്ഞ് കെ.എം.സി.സി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികളായ അഷ്റഫ് വേങ്ങാട്ടും സിദ്ദീഖ് തുവ്വൂരും ഇടപെട്ടു. എയര്‍ ഇന്ത്യ ഡ്യൂട്ടി മാനേജര്‍ സിറാജും സഹായത്തിനെത്തി. ബുറൈദ കെ.എം.സി.സി ജീവകാരുണ്യ ചെയര്മാന് ഫൈസല്‍ ആലത്തൂര്‍ ഉടന്‍ ആശുപത്രിയധികൃതരെ ബന്ധപ്പെട്ട് വിസയടിപ്പിക്കാന് ശ്രമം നടത്തി.
അതിനുവേണ്ടി ആദ്യം അമ്മയുടെ റീഎന്‍ട്രി വിസ കാന്‍സല്‍ ചെയ്യണമായിരുന്നു. അതു ചെയ്ത ശേഷം രണ്ടാമത് അമ്മക്കും കുഞ്ഞിനും പുതിയ റീഎന്‍ട്രി വിസ ഇഷ്യൂ ചെയ്തു. അതോടെ തടസ്സങ്ങള്‍ മാറി. മുക്കാല്‍ മണിക്കൂര്‍കൊണ്ടാണ് ഇൗ ഇടപെടലുകളും പ്രശ്നപരിഹാരവുമുണ്ടായത്. എന്നാല്‍, അപ്പോഴേക്കും ബോര്‍ഡിങ് പൂര്‍ത്തിയായി വിമാനം പറക്കേണ്ട സമയമായിരുന്നു. മാനേജര്‍ സിറാജ് ഇടപെട്ട് 15 മിനിറ്റ് കൂടി വിമാനം വൈകിപ്പിച്ചു. ഒടുവില്‍ സനിലയും കുഞ്ഞും വിമാനത്തിനുള്ളിലെത്തി, കോഴിക്കോേട്ടക്ക് പറന്നു.
എയര്‍പോര്‍ട്ടില്‍ ഒറ്റപ്പെട്ട് ലിനു കെ. മാത്യു
റിയാദ്: ചൊവ്വാഴ്ച ഉച്ചക്ക് കോഴിക്കോേട്ടക്കുള്ള എയര്‍ ഇന്ത്യ വിമാനം പറന്നുയര്‍ന്ന് യാത്രക്കാരെല്ലാം ഒഴിഞ്ഞിട്ടും റിയാദ് കിങ് ഖാലിദ് ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ടിലെ ഡിപ്പാര്‍ചര്‍ ടെര്‍മിനലില്‍ ഒരാള്‍ ബാക്കിയായി. ബുറൈദയില്നിന്നെത്തിയ കോട്ടയം സ്വദേശിനി ലിനു കെ. മാത്യു. ബുറൈദയിലെ സര്‍ക്കാര്‍ പ്രാഥമികാരോഗ്യകേന്ദ്രത്തിലെ സ്റ്റാഫ് നഴ്സായ അവര്‍ക്കുള്ള വിമാനം ബുധനാഴ്ചയാണ്. എന്നാല്‍, ചൊവ്വാഴ്ച ൈവകീട്ട് പുറപ്പെടുന്ന വിമാനത്തിലേക്കുള്ള മലേഷ്യന്‍ നഴ്സുമാരെ റിയാദിലേക്ക് അയച്ചപ്പോള്‍ പിറ്റേന്ന് പോകേണ്ട ലിനുവിനെ കൂടി ആ വാഹനത്തില്‍ കയറ്റിവിടുകയായിരുന്നു ആശുപത്രിയധികൃതര്‍.
ഒറ്റപ്പെട്ട് എന്തുചെയ്യണമെന്നറിയാതെ ടെര്‍മിനലില്‍ ഇരുന്ന ലിനുവിനെ കണ്ട് സാമൂഹിക പ്രവര്‍ത്തകര്‍ വിവരം അന്വേഷിക്കുകയായിരുന്നു. തനിക്ക് പോകേണ്ടത് കണ്ണൂര്‍ എയര്‍ ഇന്ത്യ വിമാനമാണെന്നും അതു ബുധനാഴ്ച ഉച്ചക്ക് 12.45നേ പുറപ്പെടൂ എന്നും അവര്‍ പറഞ്ഞു. ഒരു ദിവസം ബാക്കിയുണ്ട്. രാത്രി തങ്ങുകയും വേണം. എയര്േപാര്ട്ടില് സന്നദ്ധ പ്രവര്‍ത്തനത്തിനെത്തിയ കെ.എം.സി.സി വനിതാവിങ് ഭാരവാഹി ജസീല മൂസ തെന്റ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. ബുധനാഴ്ച കെ.എം.സി.സി പ്രവര്‍ത്തകര്‍തന്നെ ലിനുവിനെ വിമാനത്താവളത്തിലെത്തിക്കും.