ചൈനയില്‍ നടപ്പാക്കിയ മാവോ ശൈലിയിലുളള സാമൂഹിക നിയന്ത്രണം കൊറോണയെ പിടിച്ചുകെട്ടാന്‍ തങ്ങളെ സഹായിച്ചുവെന്നാണ് ചൈനീസ് അധികൃതരുടെ അവകാശവാദം. ചൈനീസ് സര്‍ക്കാര്‍ നിയന്ത്രണത്തിലുളള ദിനപത്രമായ ഗ്ലോബല്‍ ടൈംസ് ചില രാജ്യങ്ങള്‍ കൊറോണയെ പ്രതിരോധിക്കുന്നതില്‍ വളരെ വൈകിയെന്നും കുറ്റപ്പെടുത്തുന്നു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സര്‍ക്കാരിന്‍റെ തെറ്റായ നടപടികളില്‍ ചൈനീസ് ജനത രോഷാകുലരായി നില്‍ക്കുന്ന സാഹചര്യത്തില്‍, ശ്രദ്ധ തിരിക്കാനാണ് വൈറസിനെതിരെയുളള പോരാട്ടത്തില്‍ ആഗോള തലത്തില്‍ തങ്ങള്‍ വളരെ മുമ്പിലാണെന്ന ധാരണ പരത്താനുളള ഈ ആസൂത്രിത നീക്കമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സുത്യര്‍ഹമായ സംഘടനാ ബലം കൊറോണ വ്യാപനത്തില്‍ നിന്ന് രാജ്യത്തെ രക്ഷിച്ചതായി പാര്‍ട്ടി നേതാക്കള്‍ പറയുന്നു, ചൈനീസ് പ്രസിഡന്‍റ് ഷി ജിന്‍പിങ്ങിന്‍റെ കര്‍ക്കശമായ നടപടികള്‍ കൊറോണയെ പ്രതിരോധിക്കാന്‍ വളരെയേറെ സഹായിച്ചു.
കൊറോണ പൊട്ടിപുറപ്പെട്ടതിനെക്കുറിച്ചും അതിനെ തങ്ങള്‍ എങ്ങനെ പ്രതിരോധിച്ചു എന്നതിനെക്കുറിച്ചും ആറ് ഭാഷകളില്‍ പുസ്തകം പുറത്തിറക്കുമെന്ന് ചൈനീസ് പ്രസിഡന്‍റ് പ്രഖ്യാപിച്ചു കഴിഞ്ഞു. ഇതില്‍ ജിന്‍പിങ്ങിനെ രാജ്യത്തെ ജനങ്ങളെ സ്നേഹിക്കുന്ന ശക്തനായ ലോക നേതാവ് എന്ന രീതിയിലാണ് ചിത്രീകരിക്കുന്നത്.
രാജ്യത്തിന്‍റെ സാമ്പത്തികവും സൈനീകവുമായ ശക്തി ലോകം മുഴുവന്‍ വ്യാപിപ്പിച്ച്. ചൈനയ്ക്ക് ഉത്തരവാദിത്തമുളള ആഗോള സൂപ്പര്‍ പവറാകാന്‍ സാധിക്കുമെന്ന് കാണിച്ചു കൊടുക്കാന്‍ ഷി ജിന്‍പിങ് മുന്തിയ പരിഗണനയാണ് നല്‍കുന്നത് എന്നതും ഈ അവസരത്തില്‍ ശ്രദ്ധേയമാണ്. അതേസമയം, യുഎസ്സിലെ രാഷ്ട്രീയ വ്യവസ്ഥിതി ഈ മഹാമാരിയെ ചെറുക്കുന്നതില്‍ അപര്യാപ്തമാണെന്നും പാര്‍ട്ടി അനുകൂലികള്‍ കുറ്റപ്പെടുത്തുന്നു.