ന്യൂഡല്‍ഹി: ടെസ്റ്റുകളുടെ എണ്ണം കൂട്ടണമെന്ന ആവശ്യത്തിനിടെ രാജ്യത്തെ 436 ജില്ലകളില്‍ അധികൃതര്‍ പൂള്‍ ടെസ്റ്റിങ്ങിനൊരുങ്ങുന്നു. കൊറോണ വ്യാപനത്തിന്റെ ഇന്ത്യയിലെ യഥാര്‍ഥ ചിത്രം ലഭിക്കാന്‍ ഇതുപകരിക്കുമെന്നാണ് വിലയിരുത്തല്‍.

ഒരുപാടു പേരുടെ സാമ്ബിളുകള്‍ പരിശോധയനയ്ക്കയക്കുന്ന ചെലവ് കുറയ്ക്കാന്‍ സ്വീകരിക്കുന്ന മാര്‍ഗ്ഗമാണ് പൂള്‍ ടെസ്റ്റിങ്. ആളുകളെ ഓരോ കൂട്ടമായി തിരിച്ച്‌ ഓരോ കൂട്ടത്തില്‍ നിന്നും പ്രതിനിധിയായി ഒരാളെ ടെസ്റ്റിങ്ങിന് വിധേയമാക്കുന്ന രീതിയാണിത്. ഏതെങ്കിലും ഒരാളുടെ ഫലം പോസിറ്റീവായാല്‍ ഈ കൂട്ടത്തിലെ എല്ലാവരെയും ടെസ്റ്റിങ്ങിന് വിധേയമാക്കി പോസിറ്റീവ് ഫലങ്ങളും നെഗറ്റീവ് ഫലങ്ങളും വേര്‍തിരിച്ചെടുക്കുന്നതാണ് രീതി.

പകര്‍ച്ചവ്യാധിയുടെ വ്യാപനം എത്രത്തോളം ഭീകരമാണെന്ന ചിത്രം ഈ രീതിയിലൂടെ ഏതാണ്ട് ലഭിക്കുമെന്നാണ് കരുതുന്നത്. 21 ദിവസത്തെ ലോക്ക് ഡൗണ്‍ അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ ഒരു വലിയ വിഭാഗം ജനങ്ങള്‍ ടെസ്റ്റിങ്ങിന് വിധേയമായില്ലെന്നത് ആശങ്കാജനകമാണ്. ഇതിനാലാണ് ആരോഗ്യ സേതു ആപ്പു വഴിയുള്ള വിവരങ്ങളും നിലവില്‍ നിരീക്ഷണത്തിലുള്ളവരുടെ വിവരങ്ങളും ശേഖരിച്ച്‌ രോഗലക്ഷണങ്ങള്‍ കാണിക്കുന്ന എല്ലാവരുടെയും ടെസ്റ്റ് നടത്താനുള്ള തീരുമാനം കൈക്കൊള്ളുന്നത്.

വേഗത്തിലുള്ള ടെസ്റ്റിനു പകരം ആര്‍ടി പിസിആര്‍ എന്ന പഴയ മാര്‍ഗ്ഗമുപയോഗിച്ചായിരിക്കും ടെസ്റ്റ്.

“കോടിക്കണക്കിന് പേര്‍ ഇതിനോടകം തന്നെ ആരോഗ്യ സേതു ആപ് ഡൗണ്‍ലോഡ് ചെയ്തിട്ടുണ്ട്. രോഗം എത്രത്തോളം വ്യാപിച്ചിട്ടുണ്ടെന്ന് ഈ ആപ്പ് വഴിയുള്ള ആളുകളുടെ വിവരങ്ങള്‍ ശേഖരിച്ചാല്‍ ഏകദേശം ധാരണ കിട്ടും. പിന്നെ ആപ്പ് വഴിയല്ലാത്ത നിരീക്ഷണത്തിലിരിക്കുന്നവരുടെ വിവരങ്ങള്‍ വേറെയുമുണ്ട്. ഈ രണ്ട് കണക്കുകളും കൂടി ചേര്‍ത്ത് ചില നിശ്ചിത പ്രദേശങ്ങളില്‍ പൂള്‍ ടെസ്റ്റ് നടത്തും. അതിലൂടെ കോവിഡ് വിമുക്തമെന്ന് അവകാശപ്പെടുന്ന ജില്ലകള്‍ യഥാര്‍ഥത്തില്‍ കോവിഡ് മുക്തമാണോ എന്ന തിരിച്ചറിയാനാവും. എല്ലാ ടെസ്റ്റുകളും നെഗറ്റീവ് ആയാല്‍ ഈ ജില്ലകള്‍ കോവിഡ് വിമുക്ത പ്രദേശമെന്ന് നമുക്ക് ഏതാണ്ട് ഉറപ്പിച്ചു പറയാനാവും”. അധികൃതര്‍ അറിയിച്ചു.