• ഡോ. ജോര്‍ജ് എം. കാക്കനാട്ട്

ഹ്യൂസ്റ്റണ്‍: ഒരു ദശകത്തിനിടെ രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉല്‍പാദനത്തില്‍ ഏറ്റവും മോശമായ ഇടിവുമായി അമേരിക്ക. തുറിച്ചു നോക്കുന്നത് ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലേക്ക്. ഏറ്റവും മോശം റീട്ടെയില്‍ വില്‍പന റിപ്പോര്‍ട്ടുമായി പ്രതിസന്ധിയുടെ വലിയ കടക്കെണിയാണ്രാജ്യം നേരിടുന്നത്. താഴെത്തട്ടില്‍ ഇതു വരുത്തുന്ന നഷ്ടം ദശലക്ഷ കണക്കിനു ഡോളറിന്റേതാവുമെന്നാണ് അനുമാനിക്കുന്നത്. ആഗോള മാന്ദ്യത്തിന്റെ ഭാഗമാണിത്. യൂറോപ്യന്‍ കമ്മീഷന്റെ പ്രവചനങ്ങള്‍ പ്രകാരം യൂറോപ്പിന്റെ സമ്പദ്‌വ്യവസ്ഥ ഈ വര്‍ഷം 7.4 ശതമാനം ചുരുങ്ങും. ആഗോള സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്നുണ്ടായ 2009 ലെ സാമ്പത്തിക മാന്ദ്യത്തില്‍ ഇത് 4.5 ശതമാനം ചുരുങ്ങിയിരുന്നു.

കൊറോണയില്‍ നിന്നുള്ള സാമ്പത്തിക നാശത്തിന്റെ ഏറ്റവും പുതിയ തെളിവുകളില്‍ പുറത്തു വന്നു. മറ്റൊരു 3.2 ദശലക്ഷം ആളുകള്‍ കഴിഞ്ഞയാഴ്ച ആദ്യമായി തൊഴിലില്ലായ്മ ആനുകൂല്യങ്ങള്‍ക്കായി അപേക്ഷ നല്‍കി. യുഎസ് ഗവണ്‍മെന്റ് പുറത്തിറക്കിയ റിപ്പോര്‍ട്ട് പ്രകാരം രാജ്യത്താകമാനം ഏഴ് ആഴ്ചയ്ക്കുള്ളില്‍ മൊത്തം തൊഴില്‍ നഷ്ടപ്പെട്ടവരുടെ എണ്ണം 33 ദശലക്ഷത്തിലധികമാകുമെന്നു കണക്കുകൂട്ടുന്നു. മാര്‍ച്ച് അവസാനം 6.9 ദശലക്ഷം ക്ലെയിമുകളുടെ ഉണ്ടായപ്പോള്‍ തന്നെ രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി വ്യക്തമായിരുന്നു. എന്നാല്‍ ഇപ്പോഴത്തെ ഡാറ്റ ഞെട്ടിപ്പിക്കുന്നതാണെന്നു സാമ്പത്തികാസൂത്രണ വിദഗ്ധര്‍ പറയുന്നു. പല സംസ്ഥാനങ്ങളിലും, ജീവനക്കാരില്‍ നാലിലൊന്നും തൊഴിലില്ലാത്തവരാണ്.

തൊഴിലാളി വകുപ്പില്‍ നിന്നുള്ള പ്രതിമാസ തൊഴില്‍ റിപ്പോര്‍ട്ട് പ്രകാരം, ഏപ്രിലിലെ തൊഴിലില്ലായ്മാ നിരക്ക് 15 ശതമാനത്തിനും മുകളിലായിരുന്നു. മെയ് ആദ്യം ഇത് അതിലും കൂടുതലോ ആയിരിക്കമെന്ന് സാമ്പത്തിക വിദഗ്ധര്‍ പ്രതീക്ഷിക്കുന്നു. നിലവിലെ സാമ്പത്തിക ചിത്രം ഒറ്റവാക്കില്‍ പറഞ്ഞാല്‍ മങ്ങിയതാണ്. ഇത്, ദീര്‍ഘകാലാടിസ്ഥാനത്തില്‍ പോലും വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കിയേക്കാമെന്നു പല സാമ്പത്തിക വിദഗ്ധരും മുന്നറിയിപ്പ് നല്‍കുന്നു.

സംസ്ഥാനങ്ങള്‍ നിയന്ത്രണങ്ങള്‍ നീക്കി വീണ്ടും തുറക്കുമ്പോള്‍ എത്ര ജോലികളുണ്ടാവുമെന്ന് കണക്കാക്കാനാവില്ലെന്ന് ഷ്മിഡ് ഫ്യൂച്ചേഴ്‌സിലെ സാമ്പത്തിക ശാസ്ത്രജ്ഞനും തൊഴില്‍ വിപണി വിദഗ്ധനുമായ മാര്‍ത്ത ഗിംബല്‍ പറഞ്ഞു. ഇടിവ് വളരെ പെട്ടെന്നുള്ളതും വ്യാപകവുമാണ്, മാത്രമല്ല ഉപഭോക്താക്കളെ ഭയപ്പെടുത്തുകയും ചെയ്യുന്നു, 2019 ലെ സമ്പദ്‌വ്യവസ്ഥയിലേക്ക് തിരിച്ചു വരണമെങ്കില്‍ അത്ഭുതകരമായ ഒരു കുതിച്ചുചാട്ടം ഉണ്ടാകേണ്ടിയിരിക്കുന്നു. എന്നാല്‍ ഇപ്പോഴത്തെ അവസ്ഥയില്‍ അത് എളുപ്പമല്ല.

അതേസമയം, രാജ്യത്തെ മിക്ക സംസ്ഥാനങ്ങളും തുറന്നതായാണ് റിപ്പോര്‍ട്ട്. പക്ഷേ, വൈറ്റ്ഹൗസ് മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ പാലിച്ചു കൊണ്ടല്ല ഇവയുടെ പ്രവര്‍ത്തനമെന്ന് പരാതിയുയര്‍ന്നിട്ടുണ്ട്. സെന്റര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്റെ 17 പേജുള്ള റിപ്പോര്‍ട്ട്, ‘ഓപ്പണിംഗ് അപ് അമേരിക്ക എഗെയ്ന്‍’ എന്ന തലക്കെട്ടില്‍ സംസ്ഥാനങ്ങള്‍ വീണ്ടും തുറക്കുമ്പോഴുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ സൂചിപ്പിച്ചിരുന്നു. എന്നാല്‍ ഇത് വൈറ്റ്ഹൗസ് പുറത്തുവിട്ടില്ല. പകരം, പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അനുശാസിച്ച രീതിയിലുള്ളതാണ് പ്രസിദ്ധീകരിച്ചത്.

അതേസമയം, അമേരിക്കയിലെ കൊറോണ വൈറസ് പകര്‍ച്ചവ്യാധി ഇപ്പോഴും വളരുകയാണ്, പിന്നോട്ട് പോകുന്നില്ലെന്നാണ് സൂചനകള്‍. ട്രംപ് ആഴ്ചകള്‍ക്കുമുമ്പ് പ്രവചിച്ചതിലും ഇരട്ടിയിലധികം മരണസംഖ്യയാണ് ഇപ്പോള്‍ കണക്കാക്കുന്നത്. സാധാരണ ജീവിതം പുനഃസ്ഥാപിക്കാന്‍ ഇനിയും ആഴ്ചകള്‍ വേണ്ടി വരും. രാജ്യത്തെ മരണനിരക്ക് എഴുപത്തയ്യായിരത്തോട് അടുക്കുന്നു, കൃത്യമായി പറഞ്ഞാല്‍, 74,947. കൊറോണ ബാധിച്ചവര്‍ 1,266,434. ഇതില്‍ രണ്ടു ലക്ഷത്തിനു മുകളില്‍ രോഗം ഭേദമായവരാണ്.