ന്യൂഡല്‍ഹി: രാജ്യത്തെ കൊറോണ രോഗമുക്തി നിരക്കില്‍ മുന്നേറ്റമുണ്ടാക്കിയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. രാജ്യത്ത് കൊറോണ രോഗമുക്തി നിരക്ക് 90 ശതമാനമായി വര്‍ധിച്ചുവെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 63,077 പേരാണ് കൊറോണയില്‍ നിന്നും രോഗമുക്തി നേടിയത്. 70,78,123 പേര്‍ ഇതുവരെ രോഗമുക്തി നേടി. ആകെ രോഗം സ്ഥിരീകരിച്ചവരുടെ 90 ശതമാനമാണിതെന്നും ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.
6,68,154 പേരാണ് നിലവില്‍ വിവിധ ഭാഗങ്ങളിലായി ചികിത്സയില്‍ കഴിയുന്നത്. രോഗമുക്തി നേടിയവരുടെ എണ്ണവും നിലവില്‍ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണവും തമ്മിലുള്ള വ്യത്യാസവും വര്‍ധിച്ച് വരികയാണ്. രോഗമുക്തരുടെ എണ്ണവും ചികിത്സയിലുള്ളവരുടെ എണ്ണവും തമ്മിലുള്ള അന്തരം 64 ലക്ഷം പിന്നിട്ടു.
രാജ്യത്തെ പ്രതിദിന രോഗബാധിതരുടെ എണ്ണവും കുറഞ്ഞു വരികയാണ്. ഇന്ന് 50,129 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 24 മണിക്കൂറിനിടെ 578 മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.