ഹൈദരാബാദ് : കൊവിഡ് പ്രതിരോധത്തിനുള്ള ഇന്ത്യന്‍ വാക്‌സിന്‍ വികസിപ്പിക്കുന്നതിന് ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ച്‌ (ഐസിഎംആര്‍) ഹൈദരാബാദ് ആസ്ഥാനമായ ഭാരത് ബയോടെക് ഇന്റര്‍നാഷണല്‍ ലിമിറ്റഡ് (ബിബിഐഎല്‍)മായി കൈകോര്‍ക്കുന്നു. ഐസിഎംആര്‍ സ്ഥാപനമായ പൂനെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി(എന്‍ഐവി)യുടെ ഗവേണഷണ വിഭാഗവും ഭാരത് ബയോടെക്കും ചേര്‍ന്നാണ് ഗവേഷണം നടത്തുക.

സ്വന്തമായി പ്രതിരോധ വാക്‌സിന്‍ കണ്ടെത്തിയെന്ന് ഇസ്രായേല്‍ അവകാശപ്പെട്ടതിന് പിന്നാലെയാണ് ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ച്‌ പുതിയ ഗവേഷണ വിവരം പ്രഖ്യാപിക്കുന്നത്. ഭാരത് ബയോടെകുമായുണ്ടാക്കിയ ധാരണ ഐസിഎംആര്‍ ഔദ്യോഗികമായി അറിയിച്ചു.

രണ്ടുപേരും വാക്‌സിന്‍ വികസിപ്പിക്കുന്നതിനുള്ള ഗവേഷണം തുടങ്ങി. വാക്‌സിന്‍ വികസിപ്പിക്കുന്നതിന് ഭാരത് ബയോടെക്കിനെ ഐസിഎംആര്‍-എന്‍ഐവി നിരന്തരം പിന്തുണയ്ക്കും.

വാക്‌സിന്‍ വികസനം, മൃഗങ്ങളിലുള്ള പരീക്ഷണം, തിരഞ്ഞെടുക്കപ്പെട്ട മനുഷ്യരിലുള്ള ക്ലിനിക്കല്‍ ട്രയല്‍ എന്നിവയെല്ലാം നടത്താനാണ് ധാരണ. ഇതെല്ലാം ഇന്ത്യയില്‍തന്നെ വികസിപ്പിക്കുന്നതിനാണ് ശ്രമിക്കുന്നത്.-ഐസിഎംആര്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.