പത്തനംതിട്ട: കൊവിഡ് നിരീക്ഷണത്തിലിരിക്കെ വീടാക്രമിക്കപ്പെട്ട പെണ്‍കുട്ടിക്കെതിരേ പോലിസ് കേസെടുത്തു. പത്തനംതിട്ട തണ്ണിത്തോട് കൊവിഡ് നിരീക്ഷണത്തിലിരിക്കെ സിപിഎം പ്രവര്‍ത്തകര്‍ വീടാക്രമിക്കപ്പെട്ട പെണ്‍കുട്ടിക്കെതിരേയാണ് ക്വാറന്റൈന്‍ നിര്‍ദേശം ലംഘിച്ചെന്നു ചൂണ്ടിക്കാട്ടി ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ നല്‍കിയ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേസെടുത്തത്. പകര്‍ച്ചവ്യാധി നിയന്ത്രണം സംബന്ധിച്ച ഓര്‍ഡിനന്‍സ് പ്രകാരമാണ് കേസെടുത്തത്.

കോയമ്ബത്തൂരില്‍ പഠിക്കുന്ന വിദ്യാര്‍ഥിയുടെ വീടിനു നേരെ കഴിഞ്ഞ ആഴ്ചയാണ് കല്ലേറും വാതില്‍ തകര്‍ക്കുകയും ചെയ്തത്. കൊവിഡ് പടരുന്നതിനിടെ ഇതര സംസ്ഥാനത്തു നിന്നെത്തിയ പെണ്‍കുട്ടി വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു. കേബിള്‍ ഓപറേറ്ററായ പിതാവ് മകളെത്തിയതിനെ തുടര്‍ന്ന് ഓഫിസിലായിരുന്നു താമസം. എന്നാല്‍, പിതാവ് പുറത്തിറങ്ങി നടക്കുന്നുവെന്നും കല്ലെറിയണമെന്നും ആഹ്വാനം ചെയ്തുള്ള വാട്ട്‌സ് ആപ് സന്ദേശങ്ങള്‍ പ്രചരിച്ചതിനു പിന്നാലെ പെണ്‍കുട്ടി മുഖ്യമന്ത്രിക്കു പരാതി നല്‍കി. ഇതിനു തൊട്ടുപിന്നാലെയാണ് വീടിനു നേരെ ആക്രമണമുണ്ടായത്. സംഭവത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പരസ്യമായി അപലപിക്കുകയും ഏതു പാര്‍ട്ടിക്കാരായാലും ദാക്ഷിണ്യമില്ലാത്ത നടപടിയുണ്ടാവുമെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു.

എന്നാല്‍, വീടാക്രമിച്ച സംഭവത്തില്‍ അറസ്റ്റിലായ സിപിഎമ്മുകാര്‍ക്കെതിരെ നിസാര വകുപ്പുകളാണ് ചുമത്തിയതെന്ന് ആരോപിച്ച്‌ പെണ്‍കുട്ടി നിരാഹാരം തുടങ്ങി. കേസില്‍ സിപിഎം പ്രവര്‍ത്തകരായ നവീന്‍, സനില്‍, ജിന്‍സണ്‍ എന്നിവര്‍ക്കെതിരെയാണ് ആദ്യം പോലിസ് കേസെടുത്തത്. ഇവര്‍ക്ക് സ്റ്റേഷന്‍ ജാമ്യം അനുവദിക്കുകയും ചെയ്തിരുന്നു. ഇവരുള്‍പ്പെടെ കേസില്‍ ഉള്‍പ്പെട്ട ആറുപേരെയും സിപിഎം ജില്ലാ കമ്മിറ്റി അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തിരുന്നു. എന്നാല്‍, പ്രതികള്‍ക്കെതിരേ നിസ്സാര വകുപ്പുകളാണ് ചുമത്തിയതെന്നാണ് പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ ആരോപണം. പോലിസ് നടപടിക്കെതിരേ പെണ്‍കുട്ടി വീട്ടുമുറ്റത്താണ് നിരാഹാരം നടത്തിയത്. തുടര്‍ന്ന് പോലിസ് വീണ്ടുമെത്തി വീട്ടുകാരുടെ മൊഴിയെടുക്കുകയും നേരത്തേ ക്വാറന്റൈനിലായതിനാലാണ് മൊഴി എടുക്കാതിരുന്നതെന്ന് അറിയിക്കുകയും ചെയ്തു. ഇതിനിടെയാണ് കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചെന്നാരോപിച്ച്‌ പെണ്‍കുട്ടിക്കെതിരേ കേസെടുത്തിരിക്കുന്നത്.