കൊച്ചി: ചാര്‍ട്ടേഡ് വിമാനങ്ങളില്‍ നാട്ടിലേക്ക് മടങ്ങുന്നവര്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയ സംസ്ഥാന സര്‍ക്കാര്‍ നടപടിക്ക് കേന്ദ്രസര്‍ക്കാര്‍ അംഗീകാരം. സംസ്ഥാന സര്‍ക്കാര്‍ തീരുമാനം അംഗീകരിക്കുന്നതായി കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു. സംസ്ഥാന സര്‍ക്കാര്‍ തീരുമാനം ചോദ്യം ചെയ്ത സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയത്.

ഏത് സാഹചര്യത്തിലാണ് നിബന്ധന അംഗീകരിച്ചതെന്ന് വ്യക്തമാക്കാന്‍ കേന്ദ്രസര്‍ക്കാരിനോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. സംസ്ഥാന സര്‍ക്കാര്‍ തീരുമാനം അംഗീകരിച്ചുകൊണ്ടുള്ള രേഖകള്‍ ഹാജരാക്കാനും കോടതി ആവശ്യപ്പെട്ടു. ഹര്‍ജി തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.

പ്രവാസികളുടെ സുരക്ഷയ്ക്കായാണ് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയതെന്ന് സംസ്ഥാന സര്‍ക്കാര്‍ നേരത്തെ ഹൈക്കോടതിയില്‍ വ്യക്തമാക്കിയിരുന്നു. രോഗബാധിതര്‍ക്കായി പ്രത്യേക വിമാനം തന്നെ വേണമെന്നും സര്‍ക്കാര്‍ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം കൊവിഡ് നെഗറ്റീവ് നിര്‍ബന്ധമാക്കിയ ഉത്തരവില്‍ ഇടപെടാന്‍ സുപ്രീം കോടതി വിസമ്മതിച്ചിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ നയത്തില്‍ തങ്ങള്‍ ഇടപെടുന്നില്ലെന്നായിരുന്നു ജസ്റ്റിസ് അശോക് ഭൂഷന്റെ ബെഞ്ച് വ്യക്തമാക്കിയത്.

അതേസമയം രോഗബാധിതരെ കൊണ്ടുവരില്ലെന്ന നിലപാടില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കി. പി.സി.ആര്‍ ടെസ്റ്റ് നിര്‍ബന്ധമല്ല. ട്രൂനാറ്റ്, ആന്റിബോഡി ടെസ്റ്റുകള്‍ നടത്തിയാല്‍ മതിയാകും. ഇതിന് 1500 രൂപ വരെയാണ് ചെലവ്. രണ്ടര മണിക്കൂറിനുള്ളില്‍ ഫലവും ലഭിക്കും. ട്രൂനാറ്റ് പരിശോധനാ സംവിധാനം ഇല്ലാത്ത രാജ്യങ്ങളില്‍ കിറ്റ് എത്തിച്ചു നല്‍കുമെന്നും സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. ദുബായ് കെ.എം.സി.സിക്ക് വേണ്ടി ഷഹീര്‍ എന്നയാളാണ് കോടതിയില്‍ ഹര്‍ജി നല്‍കിയത്.