തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് പ്രതിരോധത്തിനായി ഡോക്ടര്‍മാര്‍ താമസിക്കുന്ന ഹോട്ടലുകള്‍ക്കടക്കം ഒരു സ്ഥാപനത്തിനും വാടകയിനത്തില്‍ പ്രതിഫലം നല്‍കില്ലെന്ന് സര്‍ക്കാര്‍. ക്വാറന്റൈനുവേണ്ടി ഏറ്റെടുത്ത സ്ഥാപനങ്ങള്‍ക്കും ഇത് ബാധകമാണ്. കണ്ണൂരില്‍ കൊവിഡ് പ്രതിരോധം നടത്തുന്ന ഡോക്ടര്‍മാരെ താമസിപ്പിച്ച ഹോട്ടലുകള്‍ റും വാടകയ്ക്കായി സമീപിച്ചപ്പോഴാണ് അധികൃതര്‍ ഇക്കാര്യം വ്യക്തമാക്കിയത്.

ഹോട്ടല്‍ ദുരന്തനിവാരണനിയമപ്രകാരം ഏറ്റെടുത്തതാണെന്നും അതിനാല്‍ പ്രതിഫലം നല്‍കില്ലെന്നുമാണ് മറുപടിയില്‍ പറയുന്നത്. ഒന്നരമാസത്തോളമായി ആരോഗ്യപ്രവര്‍ത്തകര്‍ താമസിക്കുന്നതിന്റെ ഭാഗമായുള്ള വാടകക്കുടിശ്ശിക ഒന്‍പത് ലക്ഷത്തോളം രൂപയാണ്.

ഏറ്റവും ചുരുങ്ങിയത് വെള്ളം വൈദ്യുതി, ചാര്‍ജുകളിലെങ്കിലും ഇളവു നല്‍കണമെന്നാണ് ഹോട്ടലുടമകളുടെ ആവശ്യം.സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ഇത്തരത്തില്‍ ഇരുപത്തിയഞ്ചോളം ഹോട്ടലുകളില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് താമസ സൗകര്യമേര്‍പ്പെടുത്തിയിട്ടുണ്ട്. ഇതിന് പുറമെ ക്വാറന്റൈന്‍ കേന്ദ്രങ്ങള്‍ക്കായും നൂറോളം ഹോട്ടലുകള്‍ കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ പ്രതിഫലക്കാര്യത്തില്‍ അന്തിമതീരുമാനം എടുത്തിട്ടില്ലെന്നാണ് ചുമതലയുള്ള ഉന്നത ഉദ്യോഗസ്ഥരുടെ നിലപാട്.