സംസ്ഥാന സര്‍ക്കാരിനെതിരായ സമരം തുടരുമെന്ന് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പ്രതിപക്ഷ സമരങ്ങള്‍ തുടരും. സര്‍ക്കാരിനെതിരായ സമരങ്ങളില്‍ നിന്ന് പ്രതിപക്ഷം ഒളിച്ചോടിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ഈ മാസം 12 ന് നിയോജക മണ്ഡലാടിസ്ഥാനത്തില്‍ അഞ്ചുപേരെ വീതം പങ്കെടുപ്പിച്ച് പ്രതിഷേധ സമരം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

സര്‍ക്കാരിനെതിരെ പ്രതിഷേധത്തിന്റെ വേലിയേറ്റം തീര്‍ത്തിരുന്ന പ്രതിപക്ഷം, പൊടുന്നനെ സമരരംഗത്ത് നിന്ന് അപ്രത്യക്ഷമായത് കോണ്‍ഗ്രസിനുളളില്‍ത്തന്നെ മുറുമുറുപ്പിന് കാരണമായിരുന്നു. കൂടിയാലോചനകളില്ലാതെയാണ് സമരരംഗത്ത് നിന്ന് പിന്മാറിയതെന്നും വിമര്‍ശനമുയര്‍ന്നു. ബിജെപി സമരം തുടരുമ്പോഴും മുഖ്യപ്രതിപക്ഷമായ യുഡിഎഫ് നിശബ്ദരായിരിക്കുന്നത് ശരിയല്ലെന്ന വാദം ശക്തമായതോടെ, നിലപാട് മാറ്റിയിരിക്കുകയാണ് മുന്നണി നേതൃത്വം. ആള്‍ക്കൂട്ടം ഒഴിവാക്കി സര്‍ക്കാരിനെതിരെ വീണ്ടും പ്രതിഷേധ രംഗത്തേക്കിറങ്ങാനാണ് യുഡിഎഫ് തീരുമാനം

മന്ത്രിമാരുടെ വീടുകളില്‍ പരിശോധന നടത്തിയാല്‍ കോണ്‍സുലേറ്റ് നല്‍കിയ മറ്റു ഐ ഫോണുകള്‍ ഡിജിപിക്ക് കണ്ടെത്താനാകുമെന്നും ഹസന്‍ പറഞ്ഞു. സംസ്ഥാനത്തെ രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ രാഷ്ട്രീയ അതിപ്രസരമാണ്. സ്വര്‍ണക്കടത്ത് വാര്‍ത്ത പുറത്ത് വന്നതിന് പിന്നാലെ മാത്രമാണ് സംസ്ഥാനത്ത് ടെസ്റ്റുകളുടെ എണ്ണം കൂട്ടിയതെന്നും ഹസന്‍ ആരോപിച്ചു. രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളെ രാഷ്ട്രീയവത്ക്കരിച്ചതോടെയാണ് സംസ്ഥാനത്തെ കൊവിഡ് പ്രതിരോധം താളം തെറ്റിയതെന്നും ഹസന്‍ കുറ്റപ്പെടുത്തി. ബിജെപിയും സിപിഐഎം ധാരണയുണ്ടെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. അതിന്റെ ഭാഗമായാണ് മോദിക്കെതിരെ പിണറായി ഒരു വാക്ക് പോലും സംസാരിക്കാത്തതെന്നും ഹസന്‍ പറഞ്ഞു.

അതിനിടെ, ഐ ഫോണ്‍ വിവാദത്തില്‍ നിയമനടപടിക്കൊരുങ്ങുകയാണ് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. അപകീര്‍ത്തികരമായ പരാമര്‍ശം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് യൂണിടാക്ക് ഉടമ സന്തോഷ് ഈപ്പന് വക്കീല്‍ നോട്ടീസ് അയക്കും. പരാമര്‍ശം പിന്‍വലിച്ചില്ലെങ്കില്‍ കോടതിയെ സമീപിക്കാനും ചെന്നിത്തലക്ക് നിയമോപദേശം ലഭിച്ചിട്ടുണ്ട്