തിരുവനന്തപുരം: പുതിയ കോവിഡ് 19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ കോട്ടയം, കൊല്ലം, ഇടുക്കി, തിരുവനന്തപുരം ജില്ലകളില്‍ നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുമായി ചര്‍ച്ച ചെയ്തു നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ഡിജിപി ലോക്നാഥ് ബെഹ്റ നിര്‍ദേശിച്ചു.

ഹോട്ട്‌സ്‌പോട്ടായി പ്രഖ്യാപിച്ച സ്ഥലങ്ങളില്‍ ഒരു പ്രവേശനകവാടം ഒഴിച്ച്‌ ബാക്കി എല്ലാ വഴികളും അടയ്ക്കും. വളരെ അത്യാവശ്യമുള്ള പ്രവര്‍ത്തനങ്ങള്‍ മാത്രമേ ഈ സ്ഥലങ്ങളില്‍ അനുവദിക്കൂ. അത്യാവശ്യമുള്ള സേവനങ്ങള്‍ വീടുകളില്‍ ലഭ്യമാക്കും. ഇക്കാര്യത്തില്‍ മറ്റ് വകുപ്പുകളുമായി ചര്‍ച്ച ചെയ്ത് നടപടി സ്വീകരിക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ഓച്ചിറ, തൃക്കോവില്‍വട്ടം പഞ്ചായത്തുകള്‍ (കൊല്ലം), ഉദയനാപുരം പഞ്ചായത്ത് (കോട്ടയം), നെയ്യാറ്റിന്‍കര മുനിസിപ്പാലിറ്റി (തിരുവനന്തപുരം) എന്നിവയാണു പുതിയ ഹോട്സ്പോട്ടുകള്‍. ഇന്നലെ 32 പ്രദേശങ്ങള്‍ ഹോട്സ്പോട്ടില്‍ നിന്ന് ഒഴിവായി. നിലവില്‍ 70 ഹോട്സ്പോട്ടുകളാണുള്ളത്.